അവർണ ജനതയുടെ മതപരിവർത്തനത്തെ ഭയന്നാണ് ബാലരാമവർമ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതെന്നും ധർമതീർഥ എഴുതുന്നുണ്ട്. ‘‘ചിത്തിര മഹാരാജാവ് ഭരണം തുടങ്ങിയപ്പോൾ തിരുവിതാംകൂർ ഒരു ആപൽസന്ധിയെ നേരിട്ടിരുന്നു. ഒരു വലിയ വിഭാഗം ഹിന്ദുക്കൾ ഹിന്ദു സമുദായത്തിലെ അടിമകളായി ജീവിക്കുന്നതിനേക്കാൾ നല്ലത് ക്രിസ്തുമതം സ്വീകരിക്കുകയാണെന്ന് തീർച്ചയാക്കിയിരുന്നു. അപ്പോഴാണ് മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച് ആ കൂട്ട മതപരിവർത്തനത്തെ തടഞ്ഞത്’’.
1112 തുലാം 27ന് ( 1936 നവംബർ 12 ) പ്രഖ്യാപിക്കപ്പെട്ട ആ നിയമത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘‘ക്ഷേത്രപ്രവേശനം എന്നതുകൊണ്ട് ക്ഷേത്രത്തിൽ എവിടെയും പ്രവേശിക്കാം എന്ന് അർഥമാക്കേണ്ടതില്ല. ശ്രീകോവിൽ, തിടപ്പള്ളി, മറ്റു ചില നിരോധന മേഖലകൾ തുടങ്ങിയയിടങ്ങളിൽ ആചാരക്രമം അനുസരിച്ച് അനുവദിക്കപ്പെട്ടവർക്ക് മാത്രമേ കയറാൻ പാടുള്ളൂ’’. ആചാരക്രമത്തിൽ യാതൊരു മാറ്റവും വരുത്താതെയാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് എന്ന് സാരം. ക്ഷേത്രപ്രവേശന വിളംബരത്തിൽ ശ്രീകോവിലിൽ കയറാൻ പാടില്ല എന്ന് നിർദേശിക്കപ്പെട്ട അബ്രാഹ്മണ ജനവിഭാഗങ്ങൾ പൂജ പഠിച്ചിട്ടും ഇന്നും ശബരിമലയിലും ഗുരുവായൂരിലും ചെട്ടികുളങ്ങരയിലും പുറത്തുതന്നെ തുടരുകയാണ്.
മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണെന്നായിരുന്നു നാരായണഗുരുവിന്റെ അഭിപ്രായം. ‘‘മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയിരിക്കും, അച്ഛന്റെ മതമല്ലായിരിക്കും മകന് ഇഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ് അതാണ് നമ്മുടെ അഭിപ്രായം’’ - ഗുരു പറഞ്ഞു. മതം മാറണമെന്ന് തോന്നിയാൽ ഉടനെ മാറണം, അതിന് സ്വാതന്ത്ര്യം വേണം എന്നും ഗുരു പറഞ്ഞുവെച്ചു. മതം ഇഷ്ടം പോലെ പറയാനും ഒന്നും ഇല്ലെന്നു പറയാനും സ്വാതന്ത്ര്യം വേണം - ഇതായിരുന്നു ഗുരുവിന്റെ നിലപാട്. ആരുടെയും മത സ്വാതന്ത്ര്യത്തെ തടയരുതെന്നും ഗുരു വിളംബരം ചെയ്തു. മതമെന്നു വെച്ചാൽ അഭിപ്രായം അത് ഏതായാലും മനുഷ്യന് ഒരുമിച്ചുകഴിയാം. ജാതിഭേദം വരരുത്, അതാണ് വേണ്ടത്- ഗുരു പ്രസ്താവിച്ചു.
1925ൽ നടത്തിയ സംഭാഷണത്തിൽ സി.വി. കുഞ്ഞിരാമൻ ഗുരുവിനോട് ഇപ്രകാരം ചോദിച്ചു: ‘‘മതപരിവർത്തന ഉത്സാഹം സമുദായത്തിൽ ഇപ്പോൾ വർധിച്ചുവരുന്നുണ്ട്. ചിലർ ബുദ്ധമതം നന്നെന്നും, ചിലർ ക്രിസ്തുമതം നന്നെന്നും, ചിലർ ആര്യസമാജം -ഇങ്ങനെ ഉത്സാഹം പലവഴിക്കായിട്ടാണ് കണ്ടുവരുന്നത്, മതപരിവർത്തനം ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്’’
ഗുരു: ‘‘മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ടു വശങ്ങളുണ്ട്. ഇവയിൽ ഏതിനാണ് പരിവർത്തനം വേണമെന്ന് പറയുന്നത്. ബാഹ്യമായ മാറ്റത്തിലാണ് ഉത്സാഹമെങ്കിൽ അത് മതപരിവർത്തനം അല്ല , സമുദായ പരിവർത്തനമാണ്. ആഭ്യന്തര മതത്തിലെ പരിവർത്തനം ചിന്താശീലമുള്ള ഒരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് വിജ്ഞാനവർധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആർക്കും മാറ്റാൻ കഴിയുന്നതല്ല. ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളിൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്ന് വന്നാൽ അയാൾ ആ മതം മാറുക തന്നെയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിൽ ഇരിക്കുന്നത് ഭീരുതയും കപടവുമാണ്. അവൻ മതം മാറുന്നത് അവനും നന്നാണ്, അവനും വിശ്വാസം ഇല്ലാതായ മതത്തിനും നന്നാണ്. ഒരു മതത്തിനും ആ മതത്തിൽ അവിശ്വാസികളുടെ സംഖ്യ വർധിക്കുന്നത് ശ്രേയസ്കരമല്ലല്ലോ’’. ഇവിടെ പരിവർത്തനത്തിന്റെ രണ്ട് തലങ്ങളെയാണ് ഗുരു അവതരിപ്പിക്കുന്നത്. ബാഹ്യമായ പരിവർത്തനത്തെ സമുദായ പരിവർത്തനം എന്ന് ഗുരു അടയാളപ്പെടുത്തുന്നു. ആഭ്യന്തര മതപരിവർത്തനം ചിന്താശീലമുള്ള ഓരോ വ്യക്തിയിലും ക്രമേണ സംഭവിക്കുന്നതാണെന്നും ഗുരു ദർശിക്കുന്നു.
ഗുരു, സി.വിയോട് വ്യക്തമായി ഇപ്രകാരം പറഞ്ഞു: ‘‘ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽനിന്ന് മോചനം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോൾ മനസ്സിലാവും. മതപരിവർത്തന ഉത്സാഹവും അപ്പോളസ്തമിക്കും’’. ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരമാണ് മതപരിവർത്തനത്തിന്റെ ആധാരവേരെന്ന് ഗുരു കണ്ടു. അതുകൊണ്ടാണ് ജാതികൾ തമ്മിലുള്ള മത്സരം അവസാനിക്കുമ്പോൾ മതപരിവർത്തനോത്സാഹം അസ്തമിക്കുമെന്ന് ഗുരു പറയാൻ കാരണം. എല്ലാവരെയും, പ്രത്യേകിച്ച് വിവിധ സമുദായങ്ങളെ തുല്യരായി പരിഗണിക്കുന്ന ഒരു സമൂഹത്തിൽ പരിവർത്തനത്തിന്റെ ആവശ്യം തന്നെ ഇല്ലാതാകുമെന്ന് ഗുരു ദർശിച്ചു. തന്റെ ശിഷ്യ സംഘത്തിൽ ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുമത വിശ്വാസികൾക്കും ക്രിസ്തുമത വിശ്വാസിക്കും മുഹമ്മദ് മത വിശ്വാസിക്കും പ്രവേശനം അനുവദിക്കുന്നതിന് യാതൊരു വിരോധവുമില്ല എന്നുകൂടി ഗുരു സി.വിയോട് സുചിന്തിതമായി പ്രസ്താവിച്ചു. 1925ൽ എം.കെ. ഗോവിന്ദദാസിന്റെ ഗാന്ധ്യാശ്രമം എന്ന ഭവനത്തിൽവെച്ച് നടന്ന ഗുരു-ഗാന്ധി കൂടിക്കാഴ്ചയിൽ മതപരിവർത്തനവും ചർച്ചാ വിഷയമാവുന്നുണ്ട്.
‘‘മതപരിവർത്തനം ചെയ്യണമെന്നും, സ്വാതന്ത്ര്യ ലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നൽകുന്നുണ്ടോ?’’ എന്ന ഗാന്ധിയുടെ ചോദ്യത്തിന് നൽകുന്ന ഗുരുവിന്റെ മറുപടി മതപരിവർത്തനത്തിന്റെ ചരിത്ര സാഹചര്യങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. ഗുരു ഗാന്ധിയോട് പറഞ്ഞു: ‘‘മതപരിവർത്തനം ചെയ്തവർക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അത് കാണുമ്പോൾ ജനങ്ങൾ മതപരിവർത്തനം നല്ലതാണെന്ന് പറയുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല’’.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.