മഹാകവി കുമാരനാശാന് തുല്യപ്രാധാന്യമുള്ള രണ്ടു ജീവിതങ്ങളുണ്ടായിരുന്നുവെന്ന് പി.കെ. ബാലകൃഷ്ണൻ രേഖപ്പെടുത്തിയിട്ടുണ്ട്. കവിയായ കുമാരനാശാനും രാഷ്ട്രീയക്കാരനായ കുമാരനാശാനും. രണ്ടു ജീവിതത്തിലും അഭിമാനാർഹമായ ചരിത്രം കുമാരനാശാനെപ്പറ്റി രേഖപ്പെടുത്താനുണ്ടെങ്കിലും ഇന്ന്, കവിയായ കുമാരനാശാനെ മാത്രമേ കേരളം അറിയുന്നുള്ളൂ എന്ന് പി.കെ.ബി പരിതപിക്കുന്നുമുണ്ട്. അതിനാൽ, രാഷ്ട്രീയമണ്ഡലത്തിലെ ശുക്രനക്ഷത്രമായ കുമാരനാശാന്റെ രാഷ്ട്രീയ ജീവചരിത്രക്കുറിപ്പ് പി.കെ.ബി എഴുതി. ‘നാരായണഗുരു’ എന്ന ഗ്രന്ഥത്തിൽ ‘എൻ. കുമാരനാശാൻ’ എന്ന തലക്കെട്ടിൽ ചെറിയൊരു ഭാഗമായി ചേർത്തിരിക്കുകയാണത്. അത്രയേ പി.കെ.ബിക്ക് ചെയ്യാൻ കഴിഞ്ഞുള്ളൂ. ചരിത്രത്തിന്റെ നഷ്ടം. ചരിത്രാബദ്ധമെന്നും പറയാം.
എസ്.എൻ.ഡി.പി യോഗം നടപ്പ് ജനറൽ സെക്രട്ടറി നടേശൻ മുതലാളിക്കുമുണ്ട് രണ്ടു ജീവിതം. സമുദായനേതാവായ നടേശനും രാഷ്ട്രീയക്കാരനായ നടേശനും. തീർച്ചയായും രണ്ട് ജീവചരിത്രങ്ങൾക്കും സ്കോപ്പുണ്ട്. പക്ഷേ, ഇപ്പോഴത്തെ പോക്കുകണ്ടാൽ രാഷ്ട്രീയക്കാരനായ നടേശൻ മറക്കപ്പെടാനും സമുദായനേതാവായ നടേശനെമാത്രം ആഘോഷിക്കാനുമാണ് സാധ്യത. അങ്ങനെയൊരബദ്ധം ആവർത്തിക്കാതിരിക്കാൻ, ആരും മറക്കാതിരിക്കാൻ വെള്ളാപ്പള്ളി നടേശൻ മുതലാളിയുടെ രാഷ്ട്രീയ ജീവിതചരിത്രം രേഖപ്പെടുത്തി വെക്കുകയാണിവിടെ.
സ്വാഭാവികമായും ഈ രാഷ്ട്രീയജീവചരിത്രത്തിന്റെ അടിസ്ഥാന സ്രോതസ്സ് ചരിത്രപുരുഷന്റെ ഓർമക്കുറിപ്പുകളും ആത്മകഥയും തന്നെയാണ്. വെള്ളാപ്പള്ളി നടേശൻ മുതലാളിയെപ്പോലെ ഉറക്കത്തിൽപോലും സത്യസന്ധനായ ഒരാളുടെ ജീവിതരഹസ്യങ്ങൾ കിട്ടാൻ ഏറ്റവും വിശ്വസനീയമായ രേഖ ആത്മകഥ തന്നെയാണല്ലോ. ‘എന്റെ ഇന്നലെകൾ’ എന്ന ആത്മകഥയോടുള്ള കടപ്പാട് ആദ്യമേ രേഖപ്പെടുത്തുന്നു. രാഷ്ട്രീയമായി അദ്ദേഹമൊരു കമ്യൂണിസ്റ്റാണ്.
പ്രമുഖരായ എല്ലാ കമ്യൂണിസ്റ്റ് നേതാക്കളെയും പോലെ നടേശനും കൗമാരത്തിൽതന്നെ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടി. അവരെപ്പോലെതന്നെ കോൺഗ്രസിലൂടെയാണ് തുടക്കം. അതദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘കോൺഗ്രസ് അനുഭാവികളായിരുന്നു അച്ഛനടക്കം കുടുംബത്തിൽ എല്ലാവരും. സ്വാഭാവികമായി ഞാനും ആ വിശ്വാസസംഹിതയുടെ പിന്തുടർച്ചക്കാരനായി. കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യുവിലേക്ക് ആകർഷിക്കപ്പെട്ട ഞാൻ സ്കൂളിൽ കുട്ടിനേതാവായി. സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് സ്കൂൾ ചെയർമാനായി. അന്നത്തെ സംഘാടകരിൽ പ്രമുഖരായ രണ്ടുപേർകൂടി ഉണ്ടായിരുന്നു.
ഒത്ത ഉയരവും വണ്ണവുമുള്ള, ഘനഗാംഭീര്യമുള്ള ശബ്ദവും ഭാവഹാവാദികളുമായി ജ്വലിക്കുന്ന ഒരു വിദ്യാർഥി നേതാവ്. പേര് വയലാർ രവി. മറ്റൊന്ന്, ശാന്തനും സൗമ്യനും പക്വമതിയുമായ കൗമാരക്കാരൻ, എ.കെ ആൻറണി. ചേർത്തല സ്കൂളിൽനിന്ന് ആൻറണി സൈക്കിൾ ചവിട്ടിവരും. രവി ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് കണിച്ചുകുളങ്ങര ബസിൽ കയറിവരും. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒത്തുകൂടി സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യും. പ്രവർത്തനങ്ങൾക്കുള്ള പണം സംഘടിപ്പിക്കുന്നത് ഞാനാണ്. ഞാൻ വീട്ടിൽനിന്ന് അത്യാവശ്യം പൈസ സംഘടിപ്പിക്കും. ആൻറണിക്കും രവിക്കും അന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. ആൻറണി ഇന്നത്തെപ്പോലെ അന്നും സൗമ്യൻ. ഞാനും രവിയും ബാലശിങ്കങ്ങളാണ്’’.
കോൺഗ്രസ് കാണ്ഡം ഏറെ നീട്ടിപ്പറയാനില്ല. അപ്പോൾതന്നെ കമ്യൂണിസ്റ്റായിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്: ‘‘കാരണവരാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാൽ ജയിക്കുകയുമില്ല. ഞാനാകട്ടെ അക്കാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തോട് മാനസികമായി കൂടുതൽ ആഭിമുഖ്യം പുലർത്തുന്ന അവസ്ഥയിലായിരുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ എന്റെ സുഹൃത്തുക്കളായ പട്ടിണിപ്പാവങ്ങൾ ഒന്നടങ്കം കമ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. സാധാരണക്കാരന്റെ വേദനകൾ നെഞ്ചിലേറ്റിനടന്ന എനിക്ക് അവരുടെ പ്രശ്നങ്ങൾക്കായി പൊരുതുന്ന ചുവപ്പൻ പ്രത്യയശാസ്ത്രത്തോട് പ്രണയം തോന്നിത്തുടങ്ങിയകാലം. വെള്ളാപ്പള്ളി കുടുംബത്തിന്റെ ചരിത്രത്തിൽ അതിന് മുമ്പും പിമ്പും സംഭവിക്കാത്ത ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. ഒരുപക്ഷേ, ബന്ധുക്കളുടെപോലും വോട്ട് നഷ്ടമായേക്കാം.
എന്നാലും കുഴപ്പമില്ല. എന്റെ മനസ്സാക്ഷി ആരുടെ ഭാഗത്താണ് നിലകൊള്ളുന്നത്, ആ വിഭാഗത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന പ്രസ്ഥാനത്തെതന്നെ സ്നേഹിക്കാൻ വിവേചനബുദ്ധി എന്നെ ഉപദേശിച്ചു. എന്റെ ചിന്തകൾക്ക് തീപകരാൻ ജ്യേഷ്ഠതുല്യനായ ഒരു സുഹൃത്തുകൂടിയുണ്ടായിരുന്നു. ഊർജസ്വലനായ ഒരു ചെറുപ്പക്കാരൻ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ല സെക്രട്ടറിയാണ് കക്ഷിയന്ന്. പേര് വി.എസ്. അച്യുതാനന്ദൻ. വി.എസിന്റെ സ്നേഹമസൃണമായ പ്രോത്സാഹനം എനിക്ക് കരുത്തേകി. അങ്ങനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി ഞാൻ മത്സരിച്ചു. എന്റെ പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യാൻ വന്നത് വി.എസായിരുന്നു’’.
അന്ന് 16 വോട്ടിന് തോൽക്കുകയാണുണ്ടായത്. പാർലമെന്ററി വ്യാമോഹങ്ങൾക്ക് അതോടെ സുല്ലിടുകയും ചെയ്തു. മറ്റൊരു കർമപഥത്തിലേക്ക് തിരിച്ചുവിടാനും അങ്ങനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദത്തിൽ എത്താനും വിധി ഒരുക്കിയ വഴിത്തിരിവായാണ് ആ പരാജയത്തെ ചരിത്രപുരുഷൻ കാണുന്നത്. അപ്പോൾ ചിലരെങ്കിലും കരുതും രാഷ്ട്രീയം അതോടെ അവസാനിച്ചല്ലോ, പിന്നെന്ത് കമ്യൂണിസ്റ്റ് എന്ന്. ഇല്ല, ഒന്നും അവസാനിക്കുന്നില്ല. ‘‘വി.എസ് അടക്കം പലരും എന്നെ തെറ്റിദ്ധരിച്ചു. പക്ഷേ, ഇന്നും ഉള്ളിന്റെയുള്ളിൽ ഞാൻ കറതീർന്ന ഇടതുപക്ഷക്കാരനാണ്. ഇരുപതാം വയസ്സിൽ ആ രക്തം കയറിപ്പോയതാണ്. അരനൂറ്റാണ്ടുകാലത്തെ പഴക്കമുള്ള അതിനെ വേരോടെ പിഴുതെറിയാൻ ഞാൻ വിചാരിച്ചാൽപോലും സാധിക്കില്ല. എസ്.എൻ.ഡി.പി വിരുദ്ധരായ സി.പി.എം നേതാവ് ഗുരുദാസനും പി.ജെ. ജോസഫിനും എതിരായി വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പിലും ഞാൻ വോട്ടുകുത്തിയത് അരിവാൾ ചുറ്റിക നക്ഷത്രത്തിലാണെന്ന് പറഞ്ഞാൽ വി.എസ് പോലും നടുങ്ങിയേക്കാം. പക്ഷേ, സത്യമതാണ്’’.
അതൊരു ഇരട്ടത്താപ്പല്ലേ എന്ന് കരുതുന്നവരെ അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ട്. അക്കൂട്ടർക്കുള്ള മറുപടിയുമുണ്ട്: ‘അല്ല, വ്യക്തിപരമായി ഞാൻ ഇന്നും സി.പി.ഐ.എം ജയിച്ചുകാണാൻ ആഗ്രഹിക്കുന്ന ആളാണ്. പക്ഷേ, സമുദായത്തിന്റെ താൽപര്യങ്ങൾക്ക് പാർട്ടി എതിരുനിൽക്കുന്ന സന്ദർഭങ്ങളിൽ കൂടുതൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്നവരെ പിന്തുണക്കേണ്ട ബാധ്യത യോഗത്തിനുണ്ട്. യോഗം സമം വെള്ളാപ്പള്ളി എന്നല്ല അർഥം.’’
മനസ്സിലായോ? എസ്.എൻ.ഡി.പി യോഗം ചിലപ്പോൾ വേറെയാരെങ്കിലും പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ടാവാം. പക്ഷേ, ജനറൽ സെക്രട്ടറി കറതീർന്ന ഇടതുപക്ഷക്കാരനാണ്. വോട്ടുമാത്രമല്ല വേണ്ടിവന്നാൽ നോട്ടും എത്തിച്ചുകൊടുക്കുന്നയാളാണ്. അങ്ങനെയൊരു സന്ദർഭം നോക്കൂ: ‘ഗൗരിയമ്മ സി.പി.എമ്മിലുള്ള കാലത്ത് ചേർത്തല കടപ്പുറത്ത് ആർ.എസ്.എസുകാരും മാർക്സിസ്റ്റുകാരും തമ്മിൽ വെട്ടും കുത്തും നടന്നു. അന്ന് പാർട്ടിക്കാർക്ക് ഭക്ഷണവും ചികിത്സയും നൽകാനായി പണം വേണ്ടിവന്നു. ഗൗരിയമ്മ എന്നെ വിളിച്ച് 50,000 രൂപ ഉടനെ കൊടുത്തുവിടണമെന്ന് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു: ‘‘ഗൗരിയമ്മേ, ഞാനിപ്പം ആർക്കും സംഭാവനയൊന്നും കൊടുക്കുന്നില്ല’’. അങ്ങനെ പറഞ്ഞെങ്കിലും പണം ഞാൻ അപ്പോൾതന്നെ കൊടുത്തയച്ചു. ചിലപ്പോഴൊക്കെ മൂപ്പത്തി ഫോണിൽ വിളിച്ച് താൻ തന്നതുപോര, ഇനിയും വേണം എന്നു പറയും. അതും ഞാൻ എത്തിച്ചുകൊടുത്തിട്ടുണ്ട്’’
നോക്കൂ, കറതീർന്ന ഇടതുപക്ഷക്കാരനെ, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലംമുതൽ അതിനെ നെഞ്ചിലേറ്റിയ ആളെ, ഇപ്പോഴും സി.പി.ഐ.എം ജയിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ആളെ, എല്ലായ്പോഴും വോട്ടും പാർട്ടി നേതാക്കൾ ആവശ്യപ്പെടുമ്പോൾ കാശും എത്തിച്ചുകൊടുക്കുന്നയാളെ, ആരാണ് പിന്നെ ഹിന്ദുത്വവാദിയാക്കുന്നത്. അദ്ദേഹം തുറന്നു പറയുന്നുണ്ട്: ‘‘ഈ ചരിത്രമൊന്നും അറിയാതെയാണ് വെള്ളാപ്പള്ളി ഹിന്ദുവർഗീയവാദിയാണെന്നും സംഘടനയെ ഹിന്ദുത്വനുകത്തിന് കീഴിൽ കെട്ടാൻനോക്കുന്ന ചെകുത്താനാണെന്നുമൊക്കെ ചില ഗൂഢബുദ്ധികൾ ആക്രോശിക്കുന്നത്. ‘മാധ്യമം ആഴ്ചപ്പതിപ്പാ’ണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. മതമൗലികവാദ സംഘടനയായ ജമാത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമാണ് ‘മാധ്യമം’.
ഇപ്പോൾ കാര്യത്തിനൊരു വ്യക്തത വന്നില്ലേ?
പിന്നെ, ഇതിനിടയിൽ വി.എസുമായി ഇടഞ്ഞതും കൊല്ലം എസ്.എൻ കോളജിലും മറ്റും സമരപരമ്പര അരങ്ങേറിയതുമെങ്ങനെ എന്നല്ലേ? അത് ഉൾപാർട്ടി പ്രശ്നങ്ങളുടെ ബഹിർസ്ഫുരണമായിരുന്നു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന നായനാരെയും പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണേണ്ടിവന്നപ്പോൾ ‘‘താൻ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഞാനും ചില ബന്ധങ്ങൾ സൃഷ്ടിക്കും’’ എന്ന് പറഞ്ഞുകൊണ്ട് വി.എസാണ് തുടക്കമിട്ടത് എന്നാണ് രേഖ. ‘‘അവിടം കൊണ്ടും പാർട്ടി ഗ്രൂപ്പിന്റെ കലി അടങ്ങിയില്ല’’ എന്നാണ് ആ ഘട്ടത്തെക്കുറിച്ചുള്ള ആത്മഗതം. ആൾ കറതീർന്ന സി.പി.എമ്മുകാരനാണ് എന്നതിന് വേറെ തെളിവ് വേണ്ടതില്ലല്ലോ. ഈ ചരിത്രമൊക്കെ അറിയുന്ന സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം ഈ കമ്യൂണിസ്റ്റിനെ വണങ്ങുന്നതിൽ തെറ്റുണ്ടോ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ആ പാദങ്ങൾ പിന്തുടരുന്നതിൽ തെറ്റുണ്ടോ. ആവേശോജ്ജ്വലമായ ഈ രാഷ്ട്രീയ ജീവചരിത്രം ഒളിച്ചുവെക്കുന്നതല്ലേ തെറ്റ്? കാലമേ, നീയിത് കാണുക!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.