മാവേലിക്കരയിലെ ആർ.എസ്.എസ് നിയന്ത്രിക്കുന്ന വിദ്യാലയത്തിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ള സ്കൂൾ ഭരണസമിതി അംഗങ്ങളുടെയും അധ്യാപകരുടെയും കാലുകൾ കുട്ടികളെ കൊണ്ട് കഴുകിച്ച സംഭവത്തെ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമെന്നു പറഞ്ഞാണ് സ്കൂൾ അധികൃതരും കേരള ഗവർണറും മറ്റും ന്യായീകരിച്ചത്. ഏകദേശം 70,000 നും 50,000 നും ഇടയിലുള്ള വർഷങ്ങൾക്ക് (ബി.സി.ഇ 70,000 - 50,000) മുമ്പ് ആഫ്രിക്കയിൽ നിന്ന് മനുഷ്യർ ഇന്ത്യയിലേക്ക് കുടിയേറിയതിന്റെ ആദ്യകാല തെളിവുകൾ ലഭ്യമാണ്. അവിടെ നിന്നാണ് ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തുടക്കമെന്നു പറയാം. ഗുരു എന്ന സങ്കല്പം പോലുമില്ലാതിരുന്ന അക്കാലത്ത് ഗുരുവന്ദനത്തിനും കാൽകഴുകൽ അനാചാരത്തിനും പിന്നെന്ത് പ്രസക്തി! ബി.സി.ഇ.3300 നും1300 നും ഇടയിൽ നിലനിന്ന സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലും ഇത്തരം ചടങ്ങുകൾ നിലനിന്നിരുന്നതായി ഒരു തെളിവുമില്ല.
അപ്പോൾ ഗുരുപൂജയും കാൽകഴുകൽ ആചാരവും കടന്നുവന്നത് ഏത് കാലഘട്ടത്തിലാണ്? സിന്ധു നദീതട സംസ്കാരത്തിന്റെ പതന ശേഷമുള്ള വേദകാലഘട്ടത്തിൽ (ബി.സി.ഇ 1500-500) തന്നെ. സവർണ മേധാവിത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും വിളനിലമായിരുന്ന ആ കാലത്തിന്റെ ദുഷ്പ്രവണതകൾ വിദ്യാഭ്യാസ മേഖലയിലേക്കും കടത്തി വിടുകയായിരുന്നു. അത്തരമൊരു സമൂഹ നിർമിതിക്കും നിലനിൽപ്പിനും അടുത്ത തലമുറയിലേക്കുള്ള വ്യാപനത്തിനും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ ഉപയോഗപ്പെടുത്തി. ചാതുർവർണ്യ വ്യവസ്ഥ വിദ്യാഭ്യാസത്തെ ഒരു പ്രത്യേക വർണത്തിന്റെ കുത്തകയാക്കി. ശൂദ്രർക്ക് ജ്ഞാനം നേടാൻ അവകാശമില്ലെന്നും അനുശാസിച്ചു. സാർവത്രികവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ വിദ്യാഭ്യാസത്തിന് (Universal and Learner Centred Education) വിഘാതമായിരുന്നു അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അധികാരശ്രേണിയും സവർണ മേധാവിത്വവും നിലനിർത്താനും അരക്കിട്ടുറപ്പിക്കാനുമുള്ള ഒരു തന്ത്രമെന്ന നിലയിലാണ് അന്നത്തെ സവർണ അധികാര വർഗം ഗുരുവന്ദനവും കാൽകഴുകലും ഈ ‘സംസ്കാര’ത്തിൻ കീഴിൽ നടപ്പാക്കി തുടങ്ങിയത്.
മാവേലിക്കരയിലെ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കുന്നു
കേരളത്തെയും അവർ കീഴ് പ്പെടുത്തി
ഗുരുക്കന്മാരോട് ആദരവും സ്നേഹവും പ്രകടിപ്പിക്കുക എന്നത് സർവ സാധാരണമാണ്. ക്രിസ്തുവിന് മുമ്പുള്ള 5000 വർഷം (ബി.സി.ഇ 5000) മുതലാണ് ഇന്നത്തെ കേരളം ഉൾപ്പെടുന്ന ഭൂവിഭാഗങ്ങളിൽ മനുഷ്യന്റെ സാമൂഹിക ജീവിതം ആരംഭിച്ചതും അറിവ് കൈമാറ്റത്തിന് തുടക്കം കുറിച്ചതും. ആദിമ ഗോത്രവർഗ കാലഘട്ടത്തിൽ, ഇന്നത്തെപ്പോലെ ഔപചാരികമായ വിദ്യാഭ്യാസ കേന്ദ്രങ്ങളോ പാഠ്യപദ്ധതികളോ അധ്യാപകരോ ഉണ്ടായിരുന്നില്ല. ഗോത്രത്തിലെ ഏറ്റവും അറിവും അനുഭവസമ്പത്തുമുള്ള മുതിർന്ന വ്യക്തികൾ, കുടുംബാംഗങ്ങൾ, വേട്ടക്കാർ, നാട്ടു വൈദ്യന്മാർ, കരകൗശല വിദഗ്ധർ, കഥ പറച്ചിലുകാർ, ആചാരങ്ങൾ നടത്തുന്നവർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വിദഗ്ധരാണ് വരും തലമുറകളിലേക്ക് അറിവുകളും കഴിവുകളും പകർന്നുനൽകിയത്. അതിജീവനത്തിനും സമൂഹത്തിന്റെ നിലനിൽപ്പിനും അത് അത്യന്താപേക്ഷിതമായതിനാൽ, അറിവ് കൈവശമുള്ളവരെയും പകർന്നുനൽകിയവരെയും സമൂഹം വലിയ ബഹുമാനത്തോടെ കണ്ടു. എന്നാൽ, പാദപൂജ ചെയ്തല്ല, ലഭിച്ച അറിവ് പങ്കുവെച്ചും അവയിലൂടെ അതിജീവനത്തിന് പരസ്പരം സഹായിച്ചുമായിരുന്നു അവർ ആദരം പ്രകടിപ്പിച്ചത്. അറിവിന്റെ നീതിപൂർവകമായ വിനിമയത്തിനും വിതരണത്തിനും തുടക്കമിട്ട കേരളത്തിലെ ആദിമ മനുഷ്യരെ നാം ആദരിക്കുകയാണ് വേണ്ടത്.
വേദകാലഘട്ടത്തിൽ ഗുരുകുല വിദ്യാഭ്യാസം വ്യാപകമായതോടുകൂടി കേരളത്തിൽ ഇതിന് മാറ്റം വന്നു തുടങ്ങി. അതിന് അനുകൂലമായ ഒരു സാമൂഹികാന്തരീക്ഷം ഇന്നത്തെ കേരളമുൾക്കൊള്ളുന്ന അന്നത്തെ ഭൂപ്രദേശങ്ങളിൽ നിലവിലിരുന്നതിനാൽ പ്രസ്തുത സമ്പ്രദായത്തിന് ഇവിടെയും വേരോട്ടമുണ്ടായി. ഫ്യൂഡൽ-ജന്മിത്ത വ്യവസ്ഥയിൽ അധിഷ്ഠിതമായ സവർണ മേധാവിത്വം, ചൂഷണം, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയാൽ വലയം ചെയ്യപ്പെട്ട കേരളത്തിന്റെ സ്ഥിതി അങ്ങേയറ്റം സങ്കീർണവും ക്രൂരവുമായിരുന്നു. ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കാൻ അനുവാദവും എഴുത്തും വായനയും അഭ്യസിക്കാനുള്ള സാമൂഹികമായ അംഗീകാരമുണ്ടായിരുന്നത്. ഈഴവർ, പുലയർ, പറയർ, കുറവർ തുടങ്ങിയ അവർണ വിഭാഗങ്ങൾക്കും ദലിത് വിഭാഗങ്ങൾക്കും പൂർണമായും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇവർക്ക് പൊതുവിദ്യാലയങ്ങളിലോ ക്ഷേത്രങ്ങളിലെ പാഠശാലകളിലോ എന്തിന്, ഉയർന്ന ജാതിക്കാർ പഠിക്കുന്ന സ്ഥലങ്ങളിൽ പോലുമോ പ്രവേശനം അനുവദിച്ചിരുന്നില്ല. അറിവ് നേടുന്നത് വലിയൊരു കുറ്റമായി കണക്കാക്കപ്പെട്ടു. താഴ്ന്ന ജാതിക്കാർക്ക് ഉയർന്ന ജാതിക്കാരുമായി ഒരു നിശ്ചിത ദൂരത്തിൽ കൂടുതൽ അടുക്കാൻ പോലും അനുവാദമില്ലായിരുന്നു. വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നത് നിലവിലുള്ള അധികാര ഘടനയെ തകർക്കുമെന്ന് അവർ ഭയപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തിൽ ഈ പ്രവണത അതിശക്തമായി തുടർന്നിരുന്നതായി കാണാം.
കാസർകോട്ടെ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കുന്നു
ഈ ‘സംസ്കാര’വും വിദ്യാഭ്യാസ രീതിയും തിരികെ വരണമെന്നാണോ ആർ.എസ്.എസും ഗവർണറും പറയുന്നത്? ക്രൈസ്തവ മിഷനറിമാർ, ചില നാട്ടു രാജാക്കന്മാർ, തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾ,ശ്രീനാരായണ ഗുരുവിനെയും അയ്യൻകാളിയെയുംപോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ, പുരോഗമ നവോത്ഥാന പ്രസ്ഥാനങ്ങൾ തുടങ്ങിയവ കേരളത്തിലെ പരമ്പരാഗത വിദ്യാഭ്യാസത്തെ സാർവത്രികമാക്കാനും പ്രാപ്യമാക്കാനും നടത്തിയ ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഇക്കൂട്ടർക്ക് പറ്റുമോ? 1914ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ പഞ്ചമി എന്ന ദലിത് പെൺകുട്ടിയെ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചതിനെതിരെ ലഹളയുണ്ടാക്കിയ സവർണർ സ്കൂൾ കത്തിച്ച സംഭവം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും ഇവിടുണ്ടായിരുന്ന വിദ്യാഭ്യാസ വിവേചനത്തിന്റെ ക്രൂരമായ ഉദാഹരണമാണ്.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും (KER 1959), തുടർന്നുവന്ന വിവിധ സർക്കാർ നയങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഘടകങ്ങളാണ്. ‘എല്ലാവർക്കും വിദ്യാഭ്യാസം’എന്ന ലക്ഷ്യം നേടിയെടുക്കുന്നതിൽ ഒരു പങ്കുമില്ലാത്ത ആർ.എസ്.എസ്- തീവ്ര ഹിന്ദുത്വ മതമൗലിക വാദികൾ, അതിനെ തുരങ്കംവെച്ച ഒരു സംസ്കാരത്തെയും അതിലെ അനാചാരങ്ങളെയും ഉയർത്തിക്കാട്ടി മതവർഗീയത ചാലിച്ച് അതിൽനിന്ന് നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. നവോത്ഥാന കേരളത്തിനെതിരെയുള്ള നാണംകെട്ട വെല്ലുവിളി. പഴയ വേദകാല സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാനും വ്യാപകമാക്കാനുമുള്ള ശ്രമങ്ങൾ രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗം തന്നെയാണിത്. മതനിരപേക്ഷ മൂല്യങ്ങളെ തള്ളിക്കളഞ്ഞ ദേശീയ വിദ്യാഭ്യാസ നയവും (2020) ഇന്ത്യൻ സമൂഹത്തിൽ ഇതര മതസ്ഥർ നൽകിയ മികച്ച സംഭാവനകളെ പാഠഭാഗങ്ങളിൽ നിന്നും തുടരെ തുടരെ നീക്കം ചെയ്തുകൊണ്ടിരിക്കുന്ന എൻ.സി.ഇ.ആർ.ടി നിലപാടുകളും നമ്മൾ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.
(പത്തനംതിട്ട ഡയറ്റ് റിട്ട. പ്രിൻസിപ്പലാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.