മലയാളിയുടെ സാമൂഹിക ജീവിതത്തിലേക്ക് സർഗാത്മക ദർശനത്തിന്റെ ‘കാറ്റും വെളിച്ചവും’ പ്രസരിപ്പിച്ച സാനു മാഷ് വിടവാങ്ങിയിരിക്കുന്നു. എൺപതോളം പുസ്തകങ്ങളിലായി കരുത്തും തെളിച്ചവുമുള്ള ഭാഷ കൊണ്ട് വായനക്കാരനെ സൗമ്യമായി ചേർത്തുനിർത്തിയ ‘സ്നേഹഭാജനം’. എഴുത്തുകാരനപ്പുറം സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ നമ്മുടെ സാംസ്കാരിക ഭൂമികയിൽ പലതായി പടർന്ന ആ ജീവിതം ഇനി ഓർമ.
വിമർശന സാഹിത്യത്തിൽ അന്നുവരെ കാണാത്ത സൗമ്യശരങ്ങളെയ്തും അതേ സൗമ്യശൈലിയിലൂടെ ഏറ്റവും മികച്ച പ്രഭാഷകരിലൊരാളായി മാറിയും ജീവൻ വറ്റാത്ത ജീവചരിത്രങ്ങൾക്ക് മഷിയിട്ടും ആയിരക്കണക്കായ ശിഷ്യരുടെ സാനുമാഷ് മടങ്ങി. താഴ്വര അഥവ, പർവതത്തിന് സസ്യങ്ങൾ പ്രദാനം ചെയ്യുന്ന പ്രദേശമെന്നും പണ്ഡിതനെന്നുമെല്ലാം അർഥം വരുന്ന സാനുവെന്ന പേരിനെ എല്ലാ വിധത്തിലും അന്വർഥമാക്കിയാണ് പ്രഫ. എം.കെ. സാനു വിടവാങ്ങുന്നത്. നിരൂപകൻ, പ്രസംഗകൻ, അധ്യാപകൻ, ജീവചരിത്രകാരൻ, നിയമസഭാ സാമാജികൻ തുടങ്ങിയ കള്ളികളിലെല്ലാം വലിയ അക്ഷരത്തിൽ തന്നെ ആ പേര് ചേർന്നുനിന്നു.
പരിമിതികൾ വളമായി
തുണിക്കട നടത്തിയിരുന്ന, ആലപ്പുഴ തുമ്പോളിയിലെ മംഗലത്തുവീട്ടിൽ എം.സി. കേശവന്റെയും ഭവാനിയുടെയും മകന്, അക്കാലത്ത് കേട്ടിട്ടുപോലുമില്ലാത്ത പേരാണ് അവർ നൽകിയത്. സാനുവെന്ന പേരിൽ മാത്രമായിരുന്നില്ല, ധിഷണയിലും ആ ബാലൻ വേറിട്ടുനിന്നു. വായനയും സാഹിത്യാഭിരുചിയും പ്രസംഗപാടവവുമെല്ലാം ചെറുപ്രായത്തിലേ പ്രകടിപ്പിച്ചു.
അല്ലലില്ലാത്ത കൂട്ടുകുടുംബത്തിലായിരുന്നു ജനനവും ബാല്യവുമെങ്കിലും 13ാം വയസ്സിൽ പിതാവ് വിടപറഞ്ഞതോടെ, ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. മരുമക്കത്തായമായതിനാൽ സ്വത്തവകാശമില്ലായിരുന്നു. അതോടെ, സമൃദ്ധിയുടെ നടുവിലും ഇല്ലായ്മയായി. ഒരു ചെറിയ വീടിന്റെ പരിമിതിയിൽ അമ്മയും സാനുവും മാത്രമായി. കഷ്ടപ്പാടുകൾ അറിഞ്ഞായിരുന്നു പിന്നീടുള്ള ജീവിതം. എന്നാൽ, അന്നു തൊട്ടേയുള്ള വായനയും സാഹിത്യാവബോധവും കൊണ്ട് പരിമിതികളെയും സങ്കടങ്ങളെയും സാനു മറികടന്നു.
തുടക്കം പ്രഭാഷകനായി
ഇൻറർ മീഡിയറ്റ് മുതൽ പ്രസംഗകനായി അറിയപ്പെട്ടിരുന്ന സാനുവിന് പ്രഭാഷണമെന്നത് ആവേശം ആളിക്കത്തിക്കുന്ന പ്രവർത്തനമായിരുന്നില്ല. മൈക്ക് കണ്ടാൽ കത്തിക്കയറില്ല. അതിവികാരപ്രകടനമില്ല. ആലപ്പുഴ എസ്.ഡി കോളജ് യൂനിയൻ ചെയർമാനായിരുന്ന കാലം മുതൽ പ്രസംഗവേദിയിൽ സജീവമായിരുന്നു. എത്ര വേദികളിൽ പ്രസംഗിച്ചുവെന്ന് ചോദിച്ചാൽ അദ്ദേഹത്തിന് പറയാൻ കഴിയില്ല. ജീവിതത്തിലെന്നപോലെ അതി വൈകാരികതകളില്ലാത്തവയാണ് അദ്ദേഹത്തിെൻറ പ്രസംഗങ്ങൾ. വാചാലതയോ സദസ്സിനെ ഇളക്കിമറിക്കുന്ന തമാശകളോ അല്ല, യുക്തിഭദ്രതയും ആശയവ്യക്തതയുമുള്ള സംസാരങ്ങളാണ് സാനുമാഷിെൻറ പ്രസംഗങ്ങളെ വേറിട്ടുനിർത്തുന്നത്. ആധികാരികതയുള്ള ശരീരഭാഷയും കുലീനമായ വാക്കുകളുമാണ് അതിലുണ്ടായിരുന്നത്.
എഴുത്തിന്റെ വഴി
അമ്പതുകളിലാണ് സാനു മാഷ് എഴുതിത്തുടങ്ങുന്നത്. എം.എക്കു പഠിക്കുന്ന കാലത്ത് സാനുവിെൻറ സാഹത്യ പ്രഭാഷണങ്ങൾ കേട്ട് ഇഷ്ടപ്പെട്ട കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, അവ ലേഖനമായി എഴുതിനൽകാനാവശ്യപ്പെട്ടു. അങ്ങനെ എഴുതിയ ലേഖനങ്ങളിലൂടെയാണ് എം.കെ. സാനുവെന്ന ബൈലൈൻ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ ആധുനികത പ്രസ്ഥാനത്തിെൻറ വഴികാട്ടികളായിത്തീർന്ന എം. ഗോവിന്ദൻ, സി.ജെ. തോമസ്, സി.എൻ. ശ്രീകണ്ഠൻ നായർ, ജി.ശങ്കരപ്പിള്ള തുടങ്ങിയവരുടെ ഒരു കൂട്ടായ്മയുടെ ഭാഗമായിരുന്നു എം.കെ. സാനുവും. അഭിപ്രായസ്വാതന്ത്ര്യവും മാനവികതാ ബോധവും ഒപ്പം ആധുനികത വാദത്തിെൻറ ഭാവുകത്വവും അദ്ദേഹത്തിെൻറ എഴുത്തുകളിൽ നിറഞ്ഞു.
ജീവനുള്ള ചരിത്രങ്ങൾ
‘ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ പുറത്തിറങ്ങിയപ്പോൾ, ആ റൊമാന്റിക് കവിയെക്കുറിച്ച് അന്നോളമിറങ്ങിയ എല്ലാ കൃതികളും അപ്രസക്തമായി. ചങ്ങമ്പുഴയെകുറിച്ചുള്ള ഏറ്റവും മികച്ച ജീവചരിത്രമായി അതു മാറി. ഭാവനയുടെ ഭാവപ്രപഞ്ചത്തിലേക്ക് വായനക്കാരനെ നടത്തിയ എഴുത്തുകാരുടെ ജീവചരിത്രം എഴുതുന്നതിൽ സാനുമാഷുടെ വൈദഗ്ധ്യം അസാമാന്യമായിരുന്നു. തനിക്ക് ഏറ്റവും നല്ല വ്യക്തിബന്ധമുള്ള എഴുത്തുകാരുടെ ജീവിതം അദ്ദേഹം എഴുതിയത്, അവരുടെ സർഗമാത്മക-വ്യക്തിജീവിതത്തെ േപായൻറ് ബ്ലാങ്കിൽ അനുഭവിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടാണ് സാനുമാഷിെൻറ ജീവചരിത്രങ്ങൾ ഇത്രയേറെ വായിക്കപ്പെട്ടത്. ബഷീറിനെ കുറിച്ചെഴുതിയ ‘ഏകാന്തവീഥിയിലെ അവധൂതനും’ പി.കെ. ബാലകൃഷ്ണനെ കുറിച്ചെഴുതിയ ‘ഉറങ്ങാത്ത മനീഷി’യുമെല്ലാം അത്തരം സൃഷ്ടികളായിരുന്നു. ശ്രീനാരായണ ഗുരു, ആൽബർട്ട് ഷൈവെറ്റ്സർ, എം. ഗോവിന്ദൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെക്കുറിച്ചുമെല്ലാം സാനുമാഷ് എഴുതിയ കൃതികൾ മലയാളത്തിെൻറ സൗഭാഗ്യങ്ങളായി മാറി. മലയാളത്തിലെ ജീവചരിത്ര ശാഖക്ക് സാനുമാഷ് നൽകിയത് അമൂല്യ സംഭാവനയാണെന്ന് എം.ടി. വാസുദേവൻ നായർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വിമർശനത്തിന്റെ കാറ്റും വെളിച്ചവും
തന്റെ ആദ്യ സാഹിത്യ വിമർശന ഗ്രന്ഥത്തിന് പ്രഫ. എം.കെ. സാനു നൽകിയ പേര് ‘കാറ്റും വെളിച്ചവും’ എന്നാണ്. വിമർശനത്തിലൂടെ കാറ്റും വെളിച്ചവും കടന്ന് വിശാലമാവുകയാണ് സർഗാത്മക ലോകമെന്ന് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദന്തഗോപുരങ്ങളിൽ വിമർശനാതീമായി കഴിയേണ്ടതല്ല സാഹിത്യവും സാഹിത്യകാരന്മാരുമെന്ന് കരുതിയ സാനു മാഷ് പക്ഷേ, വിമർശനത്തിൽ മാന്യമായ ഭാഷ പ്രയോഗിച്ചു.
വ്യക്തിപരമായ ആക്ഷേപ നിലവാരത്തിലേക്ക് ഒരിക്കലും അത് താഴ്ന്നില്ല. ഇഴകീറി കുത്തി നോവിക്കുന്നതിനപ്പുറം കൃതികൾക്ക് ഒരു ആസ്വാദനവും അനുബന്ധവും എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ വിമർശനം. അതുകൊണ്ടുതന്നെ വിമർശനം ഏറ്റുവാങ്ങിയവർ പരിഭവം പറഞ്ഞില്ല. ലോകത്തെയും സ്വന്തത്തെയും ചുറ്റുപാടുകളെയും കുറിച്ചുള്ള വിശുദ്ധ വിചാരങ്ങളാണ് ഈ ശൈലിക്ക് ആധാരം. കലക്കും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് അദ്ദേഹം നടത്തിയത്. അവ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചു. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മാത്രമല്ല, ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് അദ്ദേഹം ജനഹൃദയങ്ങളെ കീഴടക്കിയത്.
ജാലകങ്ങളിലെ സൂര്യൻ
പ്രഫ. എം.കെ. സാനുവിനെ കുറിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ മോഹൻ ഒരുക്കിയ ഡോക്യുമെന്ററിയുടെ പേര് ‘ജാലകങ്ങളിലെ സൂര്യൻ’ എന്നാണ്. സാനു എന്ന വാക്കിന് സൂര്യൻ എന്നും അർഥമുണ്ട്. എം.കെ. സാനുവിനെ കുറിച്ച് ഡോ. എ. അരവിന്ദാക്ഷൻ നടത്തിയ സമഗ്ര പഠനത്തിന് ‘മഹത്വത്തിന്റെ സങ്കീര്ത്തനം എന്നാണ് പേര്. രണ്ടു പേരുകളും അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലർത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.