വേനലവധിയെ മഴയവധി ആക്കണോയെന്ന് പരിശോധിക്കും മുമ്പേ പിള്ളേരുടെ അവധിയെന്നത് എന്തിനെന്ന കാര്യത്തിൽ ഒരു നിലപാട് വേണം. കുട്ടികളുടെ മനോവികാസത്തിൽ അധ്യയന കാലം പോലെ പ്രധാനമാണ് അവധിക്കാലവും. അവധിയെന്നാൽ ഉണ്ടും ഉറങ്ങിയും ഉഴപ്പിയും ചെലവഴിക്കാനുള്ളതാണെന്ന കാഴ്ചപ്പാട് ഇന്നത്തെ കാലത്തിൽ പറ്റില്ല. അവധിക്കുമുണ്ട് ഒരു സിലബസ്.
പാഠപുസ്തകമൊക്കെ ഒഴിവാക്കി കുട്ടികളുടെ മറ്റ് കഴിവുകളും, പേശി ഇളക്കിയുള്ള കളികളുമൊക്കെ ആവിഷ്കരിക്കാൻ പോന്ന കാലാവസ്ഥയുള്ള നാളുകളിലായിരിക്കണം അവധിക്കാലം. വൈകുന്നേരം ചൂടാറുമ്പോഴും, നല്ല മരത്തിന്റെ തണൽ ഉള്ളപ്പോഴും കളിക്കാൻ വിടാം. പുറത്തുപോയുള്ള ഉല്ലാസങ്ങൾക്ക് മഴ ഉടക്കുവെക്കുമ്പോൾ കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടി സ്ക്രീനുമായി ഇരുന്നാൽ എന്തുചെയ്യും? ഒന്നും പറയാനാവില്ല. മൺസൂൺ അവധിയുടെ ഒരു പ്രശ്നം ഇതാണ്. മഴമേഘങ്ങളുടെ ഭീതിയില്ലാ നാളുകളിൽ പള്ളിക്കൂട ചുമതലകൾ കുറവുള്ളപ്പോൾ യാത്രകൾ പോലെ എന്തെങ്കിലുമൊക്കെ ചെയ്യാൻ അധ്യാപകർക്കും മോഹമുണ്ടാവില്ലേ?അവരുടെ അവധി എങ്ങനെയാകണമെന്നതും ആലോചിക്കേണ്ട കാര്യമല്ലേ?
മഴ അലർട്ടുകൾ മൂലം പഠന ദിവസം നഷ്ടമാകുമെന്ന വിചാരത്തെയും ആശങ്കയെയും മാത്രം പരിഗണിച്ച് വെയിൽ ദിനത്തിലേക്ക് സ്കൂൾ ദിനങ്ങളെ മാറ്റണോ? മഴക്കാല രോഗങ്ങളെ ചൂണ്ടിക്കാണിക്കുന്നവർ കൊടും ചൂടിന്റെ പ്രശ്നങ്ങളും പരിഗണിക്കേണ്ടേ? മഴയത്ത് പള്ളിക്കൂടത്തിലേക്ക് പോകുന്നതുപോലെ തന്നെ, നല്ല ചൂടുള്ള വേനൽക്കാലത്ത് പിള്ളേർ ക്ലാസ് മുറികളിൽ ഇരിക്കേണ്ടിവരുന്ന അവസ്ഥയും പരിഗണിക്കണം. അധ്യാപകർ ഈ ഉഷ്ണത്തിൽ ക്ലസെടുക്കുകയും ചെയ്യേണ്ടേ? എറണാകുളം ജില്ലയിൽ പോലും ചൂട് അസഹനീയം. പാലക്കാട് എന്താവും സ്ഥിതി? ചൂടിന്റെ ആഘാതം കുറക്കാൻ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം അപ്പോൾ ഉണ്ടാകും. മഴക്കാലത്ത് പരമാവധി നാലോ അഞ്ചോ അവധിയുണ്ടാകും. അതുകൊണ്ട് പഠനത്തിൽ നഷ്ടമാകുന്നത് വീണ്ടെടുക്കാൻ പിന്നെയും അധ്യയന ദിവസങ്ങൾ കിടക്കുകയല്ലേ?
കുട്ടികൾ സ്കൂൾ അവധിയിൽ വീട്ടിലിരിക്കുമ്പോൾ ജോലി ചെയ്യുന്ന മാതാപിതാക്കൾ നേരിടുന്ന മേൽനോട്ട പ്രതിസന്ധികൾ മൺസൂണിലും വേനലിലും ഒരുപോലെ തന്നെ. കലണ്ടറിൽ മറ്റുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ വ്യത്യസ്ത രീതിയിലാകുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളും നോക്കണം. എല്ലാ തലങ്ങളും പരിശോധിച്ചാകണം തീരുമാനം.
മഴയൊരുക്കത്തിന്റെ കാര്യത്തിൽ മാറിമാറി വരുന്ന സർക്കാറുകൾ വലിയ പരാജയമാണ്. പൊതുസമൂഹത്തിന്റെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടിയുള്ള മഴക്കാല ഒരുക്കങ്ങൾ സർക്കാറിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നവയാണ്. റോഡ് സുരക്ഷിതമായിരിക്കണം, സ്കൂൾ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി തീർത്ത് മഴ സജ്ജമായിരിക്കണം. ഇതൊക്കെ ഒഴിവാക്കാനുള്ള എളുപ്പ വഴിയായി അവധി മാറ്റത്തെ പ്രയോഗിക്കാൻ പാടില്ല.- അതാവില്ല ലക്ഷ്യമെന്ന് വിശ്വസിക്കാം.
നമ്മുടെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഇപ്പോഴത്തെ കാലാവസ്ഥ പെരുമാറുമെന്ന അബദ്ധ വിശ്വാസത്തിലാണ് ഇതൊക്കെയെന്നും മറക്കേണ്ട. എഴുപതുകളിൽ ഇമ്മാതിരി ഒരു പരീക്ഷണം നടത്തിയപ്പോൾ അന്നത് കാലാവസ്ഥ തന്നെ പൊളിച്ചതും ഓർക്കണം. കാലാവസ്ഥ മാറ്റമെന്ന റിസ്ക് ഇന്ന് വലുതായി ഉണ്ട്. വേനൽ മഴക്കുപോലും ശൗര്യം കൂടും. പ്രകൃതി ഓരോന്ന് ചെയ്യുമ്പോൾ അതിനനുസരിച്ച് പള്ളിക്കൂട കാര്യങ്ങൾ ചെയ്യുകയെന്നത് മാത്രമാണ് പരിഹാരം. ഓർക്കാപ്പുറത്തെ അവധിയിലെ പഠനനഷ്ടം നികത്താൻ ക്ലാസ് സംവിധാനത്തെ ഒരുക്കി നിർത്തേണ്ടിയും വരാം. ചുരുക്കത്തിൽ, വെറുതെ ഒരു അവധിമാറ്റം കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല കാലാവസ്ഥ കൂടി കഥാപാത്രമാകുന്ന ഈ വിഷയം.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.