മതപരിവർത്തനത്തെ കുറ്റകൃത്യമായി വിവക്ഷിച്ച് നിർമിച്ചെടുത്ത കഠോര നിയമത്തിന്റെ ചുവടുപിടിച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തിസ്ഗഢിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ നടപടി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ. കന്യാസ്ത്രീമാർക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചെങ്കിലും ഹിന്ദുത്വവാദികളുടെ ഭീഷണികൾ തുടരുകയാണ്. ഇന്ത്യയെ സവർണ ജാതി മേൽക്കോയ്മയിലധിഷ്ഠിതമായ...
മതപരിവർത്തനത്തെ കുറ്റകൃത്യമായി വിവക്ഷിച്ച് നിർമിച്ചെടുത്ത കഠോര നിയമത്തിന്റെ ചുവടുപിടിച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തിസ്ഗഢിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ നടപടി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ. കന്യാസ്ത്രീമാർക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചെങ്കിലും ഹിന്ദുത്വവാദികളുടെ ഭീഷണികൾ തുടരുകയാണ്. ഇന്ത്യയെ സവർണ ജാതി മേൽക്കോയ്മയിലധിഷ്ഠിതമായ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ക്രൈസ്തവർക്കും മുസ്ലിംകൾക്കും എതിരെ ബ്രാഹ്മണ്യശക്തികൾ നടത്തിവരുന്ന ഹിംസാത്മക ആക്രമണങ്ങളും വിദ്വേഷ പ്രചാരണവും ഹിന്ദുത്വ ഭരണത്തിൽ ഭീകരമാംവിധം വർധിച്ച പശ്ചാത്തലത്തിൽ വേണം കന്യാസ്ത്രീകൾക്കെതിരായ ഈ അതിക്രമങ്ങളെ നോക്കിക്കാണാൻ.
രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമത്തിൽ ഉത്തർപ്രദേശിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ഛത്തിസ്ഗഢെന്ന് ഗവേഷകയായ നീതുദാസിന്റെ പഠനം തെളിയിക്കുന്നു. ബ്രാഹ്മണ മതത്തിന്റെ അടിമകളാക്കി ചാതുർവർണ്യത്തിന്റെ പുറംപോക്കിൽ നിലനിർത്താൻ ഹിന്ദുത്വർ എക്കാലത്തും ശ്രമിച്ചുപോരുന്ന ആദിവാസി ജനത മതപരിവർത്തനത്തിലൂടെ വിമോചനമാർഗം അവലംബിക്കുമ്പോൾ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന സവർണ ബ്രാഹ്മണ്യവാദികളുടെ ആകുലതയാണ് ക്രൈസ്തവർക്കെതിരായ ഘോര ആക്രമണത്തിനുപിന്നിലെ ഹേതു.
ക്രിസ്ത്യാനികളായി ആദിവാസികളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി പ്രാർഥനക്കെത്തിയ ആദിവാസികളെ പിന്തുടർന്ന് ആക്രമിക്കുകയും, ബൈബിൾ ചുട്ടു ചാമ്പലാക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മിഷനറിമാർ നടത്തുന്ന മതപരിവർത്തനത്തിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് 2021ൽ നടത്തിയ ആഹ്വാനത്തിനുശേഷം ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർധിച്ചു. ക്രിസ്ത്യാനികളുടെ തലയറുക്കാനും, മതപരിവർത്തനം തടയാനും, ക്രിസ്ത്യൻ പുരോഹിതരില്ലാത്ത ഭാരതത്തിനായി പ്രയത്നിക്കാനും ബി.ജെ.പി എം.എൽ.എ രാമേശ്വർ ശർമ ആവശ്യപ്പെട്ടു. ‘ഹിന്ദുക്കൾ’ കൈയിൽ മഴു കരുതാനും മതപരിവർത്തനം ചെയ്യിക്കുന്ന ക്രിസ്ത്യാനികളെ പാഠം പഠിപ്പിക്കാനും ഹിന്ദുത്വ നേതാവ് പരമാത്മാനന്ദ മഹാരാജ് ഒരു സമ്മേളനത്തിൽ ആഹ്വാനം ചെയ്തു.
മതപരിവർത്തനമെന്നത് രാജ്യത്തെ അവർണ സമുദായങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു. ബ്രാഹ്മണിസത്തിൽ നിന്നുമുള്ള മോചനത്തിനായാണ് ഇവിടത്തെ അവർണ ജനതതി ഹൈന്ദവ ബ്രാഹ്മണമതം ഉപേക്ഷിച്ച് ഇതരമതങ്ങൾ സ്വീകരിക്കാൻ സന്നദ്ധമായത്. ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത് ബ്രാഹ്മണിസത്തോട് നിശിതമായി വിമർശനം ഉന്നയിച്ചും ഹിന്ദുമതം ഉപേക്ഷിച്ചുമാണ്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളും ഇസ്ലാം മതത്തിന്റെ സാന്നിധ്യവും കീഴാള സമുദായങ്ങൾക്ക് പുതിയ വിമോചനപാത തുറന്നു. ദയാനന്ദ സരസ്വതിയുടെ സത്യാർഥ പ്രകാശത്തിലെ ക്രിസ്ത്യൻ-ഇസ്ലാം മതങ്ങൾക്കെതിരായ കടന്നാക്രമണത്തിന് കാരണം, ബ്രാഹ്മണ മതത്തിന് അത് സൃഷ്ടിച്ച കനത്ത ആഘാതങ്ങളാണ്. ചട്ടമ്പിസ്വാമികൾ ‘ക്രിസ്തുമതച്ഛേദനം’ എഴുതിയത് കേരളത്തിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ്.
മതപരിവർത്തന സംവാദങ്ങൾ
കേരളത്തിൽ 19-20 നൂറ്റാണ്ടുകളിൽ നടന്ന മതപരിവർത്തന സംബന്ധിയായ സംവാദങ്ങൾ പരിശോധിച്ചാൽ അതിൽ ബ്രാഹ്മണിസത്തോടുള്ള നിശിത വിമർശനം തെളിഞ്ഞുകാണാം. പത്രാധിപർ കെ. സുകുമാരൻ എഴുതി- ‘‘ജാതിവ്യത്യാസം മുതലായ അനാചാരങ്ങൾ കൊണ്ട് അത്യന്തം ആഭാസവും നികൃഷ്ടവും നീചവും നിന്ദ്യവുമായ മതത്തെ, ദുഷ്ട പിശാചിനെപ്പോലെയോ സാംക്രമിക രോഗം പോലെയോ നാം ദൂരെ അകറ്റേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. മേലാൽ അഭിമാന ബോധമുള്ള യാതൊരു പഞ്ചമനും തങ്ങളെ നിന്ദിക്കുന്ന മതത്തിൽ ഇരിക്കരുത്. മതം മാറുക തന്നെ വേണം. അതു ക്ഷണം വേണം’’. തീയൻ തുടങ്ങി നായാടി വരെയുള്ള ജനങ്ങൾ, തങ്ങളും ഹിന്ദുക്കളാണെന്ന് തെറ്റിദ്ധരിച്ചു വരുന്നു വെന്നും ഹിന്ദുക്കളിൽ നാല് ജാതി അല്ലാതെ അഞ്ചാമതൊരു ജാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
‘‘ഹിന്ദുമതമാകുന്ന കാരാഗൃഹത്തിൽ നിന്ന് അവരെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നു വിടുന്ന ഒരു താക്കോലാണ് മതപരിവർത്തനം’’ എന്ന് പി.കെ. കുഞ്ഞിരാമൻ പറഞ്ഞു. മതം വ്യക്തിപരമായ ഒരു കാര്യമായി വിട്ടുകൊടുത്ത് സമുദായ ബോധത്തിന് പ്രാധാന്യം കൊടുക്കണമെന്നും കഴിയുമെങ്കിൽ ഒരു മതവും കൂടാതെ ജീവിക്കാൻ ആയിരിക്കണം തീയരുടെ ശ്രമം എന്നും കെ.ആർ. അച്യുതൻ പ്രസ്താവിച്ചു. ബുദ്ധൻ ഉപദേശിച്ച കക്കായ്ക, കൊല്ലായ്ക, കാമത്താൽ തെറ്റായ്ക, കള്ളം ചൊല്ലായ്ക, കുടിച്ചിടായ്ക, എന്ന സദുപദേശങ്ങൾ അനുസരിച്ച് ജീവിക്കുന്നതായാൽ ഇഹലോകത്തിലും, പരലോകം ഉണ്ടെങ്കിൽ അതിലും മാനമായി ജീവിക്കാൻ അതിലപ്പുറം ഒന്നും വേണ്ട എന്നുകൂടി അദ്ദേഹം നിർദേശിച്ചു. മതദാസ്യത്തിൽ നിന്ന് മോചനം പ്രാപിക്കാനുള്ള വേറൊരു മാർഗം തീയരുടെ അമ്പലങ്ങളിൽ ഇപ്പോൾ നടത്തുന്ന പൂജകളെല്ലാം നിർത്തി, ജാതി ഹിന്ദുക്കളെ അനുസരിച്ച് നടത്തുന്ന ഉത്സവ ചടങ്ങുകൾ എല്ലാം തീരെ മാറ്റി, അതിനുപകരം മത്സര ക്കളികൾ, കലാവിദ്യകളുള്ള സാമർഥ്യ പരീക്ഷകൾ, പ്രസംഗങ്ങൾ, പ്രദർശനങ്ങൾ മുതലായവ ഉത്സവാവസരങ്ങളിൽ നടത്തുന്നതാണെന്നും കെ.ആർ. അച്യുതൻ നിർദേശിക്കുന്നുണ്ട്.
അവർണ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശം ലഭിച്ചതിനുപിന്നിൽ വർത്തിച്ച മതപരിവർത്തനത്തിന്റെ ശക്തിയെക്കുറിച്ച് ശ്രീനാരായണഗുരു ശിഷ്യനായിരുന്ന സ്വാമി ധർമതീർഥ (പിൽക്കാലത്ത് സ്വാമി ജോൺ ധർമതീർഥർ) പറയുന്നുണ്ട്: ‘‘സവർണ ഹിന്ദു സ്ത്രീകൾ മാറുമറച്ച് വസ്ത്രം ധരിച്ചിരുന്നതുപോലെ അവർണ സ്ത്രീകൾക്ക് വസ്ത്രം ധരിക്കാൻ അവകാശം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരിൽ അനേകായിരം പേർ എൽ.എം.എസ് മിഷനറിമാരുടെ നേതൃത്വത്തിൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ആ ക്രിസ്ത്യൻ സ്ത്രീകൾ മാറുമറച്ച് വസ്ത്രമുടുക്കാൻ തുടങ്ങി. ഈ സംഭവം സവർണ ഹിന്ദുക്കളും അവർണ ഹിന്ദുക്കളും തമ്മിൽ വലുതായ ഒരു വഴക്കിനും സംഘട്ടനങ്ങൾക്കും കാരണമായി. പഴയ മാമൂലിന് വിരോധമായി വസ്ത്രം ധരിക്കാൻ പാടില്ലെന്ന് തിരുവിതാംകൂർ ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.