വ്യാപാര-നിക്ഷേപ ബന്ധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാർ (FTA) രൂപപ്പെടുത്താൻ ചർച്ചകൾ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നും ഇന്ത്യക്കുമേൽ കടുത്ത തീരുവ ചുമത്തുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കുന്നത്. ഈ ഭീഷണി ഇന്ത്യയെ സമ്മർദത്തിലാഴ്ത്താനുദ്ദേശിച്ചാണ്. അതിന് വഴങ്ങി വ്യാപാരകരാറിലെ സുപ്രധാന വിഷയങ്ങളിൽ നാം വിട്ടുവീഴ്ചക്ക്...
വ്യാപാര-നിക്ഷേപ ബന്ധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാർ (FTA) രൂപപ്പെടുത്താൻ ചർച്ചകൾ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നും ഇന്ത്യക്കുമേൽ കടുത്ത തീരുവ ചുമത്തുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കുന്നത്. ഈ ഭീഷണി ഇന്ത്യയെ സമ്മർദത്തിലാഴ്ത്താനുദ്ദേശിച്ചാണ്. അതിന് വഴങ്ങി വ്യാപാരകരാറിലെ സുപ്രധാന വിഷയങ്ങളിൽ നാം വിട്ടുവീഴ്ചക്ക് തയാറായാൽ അതിന്റെ ആഘാതമേൽക്കുക ഇന്ത്യക്ക് മാത്രമാവില്ല, മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് ആകമാനമായിരിക്കും.
WTO യുടെ TRIPS കരാറിലെ (ആഗോള വ്യാപാര സംവിധാനത്തിനുള്ളിൽ പേറ്റന്റുകൾ, പകർപ്പവകാശങ്ങൾ തുടങ്ങിയ ബൗദ്ധിക സ്വത്തവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ) വ്യവസ്ഥകൾക്കനുസൃതമാണ് നിലവിലെ ഇന്ത്യ- യു.എസ് വ്യാപാര ബന്ധങ്ങൾ. അംഗരാജ്യങ്ങളിലുടനീളം ബൗദ്ധിക സ്വത്തവവകാശ ഏകീകരണത്തിനും വ്യാപാരനവീകരണത്തിനും സൗകര്യമൊരുക്കുന്നതിനൊപ്പം ബൗദ്ധിക സ്വത്തുടമകൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കലും ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
കുറഞ്ഞ തീരുവയിൽ കയറ്റുമതി (തുണിത്തരങ്ങൾ, ഐ.ടി സേവനങ്ങൾ) സാധ്യമാക്കലും നിബന്ധനകൾ ഒഴിവാക്കി കാർഷിക, ഔഷധ മേഖലകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കലുമാണ് ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യയുടെ പ്രധാന താൽപര്യങ്ങൾ.
അമേരിക്ക ഉന്നമിടുന്നത്
യു.എസ് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഇന്ത്യൻ വിപണി കൂടുതൽ തുറന്നുകിട്ടുക, ബൗദ്ധിക സ്വത്തവകാശത്തിനുമേൽ നിലവിലുള്ളതിനെക്കാൾ ശക്തമായ സംരക്ഷണം (TRIPS PLUS), വിദേശ കമ്പനികൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കുറക്കൽ എന്നിവയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും വെല്ലുവിളി ഉയരാവുന്ന മേഖലകളിലൊന്ന് ബൗദ്ധിക സ്വത്തവകാശ (Intellectual Property Rights)മാണ്, പ്രത്യേകിച്ച് മരുന്ന് പേറ്റന്റുകൾ. പാശ്ചാത്യ ബഹുരാഷ്ട്ര കമ്പനികൾ ഈടാക്കുന്ന വിലയെക്കാൾ തീരെ കുറഞ്ഞ നിരക്കിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവൻരക്ഷ മരുന്നുകൾ വിതരണം ചെയ്യുന്ന ഇന്ത്യയുടെ ജനറിക് ഫാർമസ്യൂട്ടിക്കൽ വ്യവസായം ‘വികസ്വര ലോകത്തിന്റെ ഔഷധശാല’ എന്ന നിലയിൽ ആഗോള പ്രാധാന്യമുള്ളതാണ്. ഇത് വ്യാപാര താൽപര്യങ്ങളെക്കാളുപരിയായി ലോകമൊട്ടുക്കുള്ള കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ വിഷയമാണ്.
TRIPS വ്യവസ്ഥകളുടെ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് താങ്ങാനാവുന്ന വില, ലഭ്യത, പൊതുജനാരോഗ്യം എന്നിവക്ക് മുൻഗണന നൽകുന്ന മാനുഷികതയുള്ള പേറ്റന്റ് നിയമമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ നിലവിലെ നിബന്ധനകൾക്കപ്പുറം, കൂടുതൽ ശക്തമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായുള്ള അമേരിക്കൻ ആവശ്യം ഇന്ത്യയിലും ആഗോളതലത്തിലും താങ്ങാനാവുന്ന വിലയിലുള്ള മരുന്ന് ലഭ്യതക്ക് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. WTO അംഗരാജ്യങ്ങൾ അംഗീകരിച്ച, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 2001ലെ TRIPSന്റെ ദോഹ പ്രഖ്യാപനം ആരോഗ്യരംഗത്ത് വാണിജ്യ താൽപര്യങ്ങളെക്കാൾ പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്നതായിരുന്നു. എന്നാൽ, ഇന്ത്യയുമായുള്ള ചർച്ചകളിൽ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അനുകൂലമായി ശക്തമായ പേറ്റന്റ് വ്യവസ്ഥകളും വിലനിർണയ അവകാശങ്ങളുമാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്.
നേട്ടം വൻകിട മരുന്ന് കമ്പനികൾക്ക്
നിലവിൽ പേറ്റന്റ് ഉള്ള മരുന്നുകളിൽ പിന്നീട് ചെറിയ മാറ്റങ്ങൾ വരുത്തിയാൽപോലും പുതിയ പേറ്റന്റ് അനുവദിക്കുന്ന തരത്തിലുള്ള വിശാലമായ പേറ്റന്റ് യോഗ്യതാ മാനദണ്ഡങ്ങൾ (Patent Evergreening); പേറ്റന്റ് കാലാവധി 20 വർഷത്തിൽ കൂടുതലാക്കൽ; പൊതുജനാരോഗ്യ ആവശ്യങ്ങൾക്കായി നിർബന്ധിത ലൈസൻസിങ്ങിലെ നിയന്ത്രണങ്ങൾ ഒഴിവാക്കൽ; ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ ഡാറ്റ എക്സ് ക്ലൂസിവിറ്റി, ജനറിക് മരുന്നുകൾക്കുള്ള അംഗീകാരം എന്നിവയിലുള്ള അവകാശം; പേറ്റന്റ് ലിങ്കേജ്, മരുന്ന് റെഗുലേറ്ററി അംഗീകാരത്തെ പേറ്റന്റ് സ്റ്റാറ്റസുമായി ബന്ധിപ്പിക്കൽ; അവശ്യ മരുന്നുകളുടെ വില നിയന്ത്രണം ഇല്ലാതാക്കൽ എന്നിവയെല്ലാം ആരോഗ്യരംഗത്തെ പിന്നോട്ടടിക്കാൻ കാരണമാവും.
ബഹുരാഷ്ട്രകമ്പനികളുടെ താൽപര്യം മുൻനിർത്തി പേറ്റന്റ് നിയമങ്ങൾ മാറ്റാനും പേറ്റന്റ് കാലാവധി 20 വർഷത്തിനപ്പുറം നീട്ടാനും നിത്യഹരിതവത്കരണം അനുവദിക്കാനു (Patent Evergreening)മാണ് ഇതുവഴി ലക്ഷ്യമിടുന്നത്. Patent Evergreenin ഒരു ഉൽപന്നത്തിന്മേൽ പേറ്റന്റ് പരിരക്ഷ ദീർഘിപ്പിക്കുവാനുള്ള കുതന്ത്രമാണ്. സാധാരണയായി ഔഷധ വ്യവസായത്തിൽ, യഥാർഥ മരുന്നിന്റെ വ്യതിയാനങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തുകയോ പുതിയ പേറ്റന്റുകൾ തേടുകയോ ചെയ്യുന്ന ഈ തന്ത്രം വഴി കമ്പനികൾക്ക് വിപണിയിലെ ആധിപത്യം നിലനിർത്താനും ദീർഘകാലത്തേക്ക് ജനറിക് മരുന്നുകൾ വിപണിയിലെത്തുന്നത് തടയാനും താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകളുടെ ലഭ്യത (Affordable access to medicine) ഇല്ലാതാക്കാനും സാധിക്കും. ഉദാഹരണത്തിന്, നൊവാർട്ടിസിന് പേറ്റന്റ് ഉണ്ടായിരുന്നപ്പോൾ, അർബുദ മരുന്നായ ഇമാറ്റിനിബിന് ഒരു രോഗി പ്രതിമാസം 1.2 ലക്ഷം രൂപ ചെലവിടേണ്ടിവന്നിരുന്നു. പേറ്റന്റ് കാലാവധി കഴിയാറായപ്പോൾ അതേ മരുന്നിന്റെ പുതു വകഭേദത്തിന് പേറ്റന്റിനായി അപേക്ഷ സമർപ്പിക്കപ്പെട്ടെങ്കിലും, ഇന്ത്യൻ പേറ്റൻറ് നിയമത്തിലെ സെക്ഷൻ 3 (ഡി) മാനദണ്ഡങ്ങൾ പ്രകാരം അത് തള്ളി. തദ്ഫലമായി രോഗികൾക്ക് പ്രതിമാസം 8,000 രൂപ നിരക്കിൽ ജനറിക് മരുന്ന് ലഭ്യമാക്കുവാനും തുടങ്ങി. അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങിയാൽ, പഴയ മരുന്നുകളുടെ ചെറിയ മാറ്റങ്ങൾക്കുപോലും പേറ്റന്റ് അനുവദിക്കാൻ നാം നിർബന്ധിതരാകും. ആദ്യത്തെ മരുന്നുകളുടെ ഉപജ്ഞാതാവ് തുടർന്നും പേറ്റന്റ് അവകാശപ്പെടുന്നതിനാൽ, ജനറിക് മരുന്നുകൾക്കുള്ള അംഗീകാരമാണ് നിഷേധിക്കപ്പെടുക.
നിർബന്ധിത ലൈസൻസിങ് (compulsory licensing, Patent Act of India-Section 84, 92) സംബന്ധിച്ച നിബന്ധനകൾ പൊതുതാൽപര്യവുമായി പേറ്റന്റ് ഉടമകളുടെ അവകാശങ്ങളെ സന്തുലിതമാക്കുന്നതിനുള്ള പ്രധാന സംവിധാനമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഈ നിയന്ത്രണങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ അവശ്യമരുന്നുകൾ പോലുള്ള അവശ്യവസ്തുക്കളിലേക്കുള്ള ലഭ്യത ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുണ്ട്. ഈ ചട്ടങ്ങൾ പ്രകാരം അടിയന്തര സാഹചര്യങ്ങളിൽ, പേറ്റന്റ് ഉടമയുടെ സമ്മതമില്ലാതെ മൂന്നാം കക്ഷികൾക്ക് പേറ്റന്റ് നേടിയ ഉൽപന്നങ്ങൾ നിർമിക്കാൻ ലൈസൻസ് നൽകാൻ സർക്കാറുകൾക്ക് അധികാരമുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നത് ഉറപ്പാക്കുവാനും കുത്തക തടയുന്നതിനും ഈ വ്യവസ്ഥകൾ അതീവ നിർണായകമാണ്.
ഇന്ത്യയുടെ ധാർമിക ഉത്തരവാദിത്തം
ഫാർമസ്യൂട്ടിക്കൽ രംഗത്ത് നവീകരണമുണ്ടാവും, പുതിയ മരുന്നുകൾക്ക് മാർക്കറ്റിങ് എക്സ്ക്ലൂസിവിറ്റിയുടെ ഒരു കാലയളവ് ലഭിക്കുന്നതിലൂടെ കമ്പനികൾക്ക് അവരുടെ ഗവേഷണ, വികസന നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ കഴിയും എന്നെല്ലാം അവകാശപ്പെട്ടുകൊണ്ടാണ് ഡാറ്റ എക്സ്ക്ലൂസിവിറ്റി എന്ന ആവശ്യം മരുന്ന് കമ്പനികൾ മുന്നോട്ട് വെക്കുന്നത്. ഇത് അംഗീകരിച്ചാൽ, ഈ കാലയളവിൽ ഒരേ മരുന്നിന്റെ ജനറിക് പതിപ്പുകൾക്കുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിന് റെഗുലേറ്ററി ഏജൻസികൾക്ക് ആദ്യത്തെ കമ്പനി സമർപ്പിച്ച മരുന്നിന്റെ ഉപയോഗവും പ്രവർത്തനവും സംബന്ധിച്ച ഡാറ്റ ഉപയോഗിക്കാനാവില്ല. ഡാറ്റ എക്സ്ക്ലൂസിവിറ്റി സാധാരണയായി ഒരു മരുന്നിന് മാർക്കറ്റ് അംഗീകാരം ലഭിച്ച തീയതിമുതൽ നിശ്ചിതകാലത്തേക്ക് (5 അല്ലെങ്കിൽ 8 വർഷങ്ങൾ) ആണ് അമേരിക്കയുൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ നൽകിവരുന്നത്. ഇത് യഥാർഥത്തിലുള്ള 20 വർഷം എന്ന പേറ്റന്റ് കാലാവധിയെ 25 മുതൽ 28 വർഷ കാലയളവിലേക്ക് ദീർഘിപ്പിക്കും. ഇതുതന്നെയാണ് താങ്ങാനാവുന്ന വിലയിലുള്ള ജനറിക് മരുന്നുകളുടെ, പ്രത്യേകിച്ച് ജീവൻരക്ഷാ മരുന്നുകളുടെ ജനറിക് പതിപ്പ് ഉൽപാദനം വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുമെന്ന ആശങ്കയുടെ അടിസ്ഥാനവും. ഡാറ്റ എക്സ്ക്ലൂസിവിറ്റി ബയോസിമിലറുകളുടെ (വാക്സിനുകൾ ഉൾപ്പെടെയുള്ള ബയോളജിക്കൽ മരുന്നുകളുടെ ജനറിക് പതിപ്പുകൾ) ലഭ്യതയെ പ്രതികൂലമായി ബാധിക്കുകയും മരുന്നുവില വർധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിൽ നിലവിൽ ഡാറ്റ എക്സ്ക്ലൂസിവിറ്റിക്കായി പ്രത്യേക നിയമമില്ല എങ്കിലും ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കുന്നില്ല. സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വന്നാൽ, സാധുവായ പേറ്റന്റ് നിലവിലില്ലെങ്കിൽ പോലും, വർഷങ്ങളോളം ക്ലിനിക്കൽ ഡാറ്റ രഹസ്യമായി സൂക്ഷിക്കാൻ നാം നിർബന്ധിതരാകും.
ഒരു ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമത്തിൽ, ഇന്ത്യയുടെ പരമാധികാരത്തെയും നിയമവ്യവസ്ഥയെയും ദുർബലപ്പെടുത്തുന്ന ആവശ്യങ്ങൾ അമേരിക്ക ഉന്നയിക്കുമ്പോൾ നാം ഏറെ കരുതലെടുക്കേണ്ടതുണ്ട്. കൂടുതൽ കർശനമായ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകൾ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതിലേക്കും പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചയിലേക്കുമാണ് നമ്മെ കൊണ്ടെത്തിക്കുക. നിലവിൽ മറ്റ് വികസ്വര രാജ്യങ്ങളുമായി അമേരിക്ക ഏർപ്പെട്ട സ്വതന്ത്ര വ്യാപാര കരാറുകളിലെ TRIPS-Plus വ്യവസ്ഥകൾ മരുന്നുവില വർധനക്കും അവശ്യമരുന്ന് ദൗർലഭ്യത്തിനും കാരണമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സും ചൂണ്ടിക്കാട്ടുന്നു. യു.എസുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നമ്മുടെ കയറ്റുമതിയിലും തൊഴിലവസരങ്ങളിലും വർധനയും നിക്ഷേപവും വിപണി പ്രവേശനവും കൊണ്ടുവരുമെന്നും വാദങ്ങളുയർത്തുന്നവർ ഏതാനും ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചത്തിനായി നമ്മുടെ സ്വന്തം പൗര ജനങ്ങളുടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെയും ജീവൻ പണയപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങൾ WTO TRIPS കരാറിനനുസൃതമായതിനാൽ അന്താരാഷ്ട്ര നിയമത്തിന് കീഴിലെ നമ്മുടെ അവകാശങ്ങളെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുവാൻ കഴിയുന്ന ഒരു നയമായിരിക്കണം നാം സ്വീകരിക്കേണ്ടത്. TRIPS-Plus വ്യവസ്ഥകൾ സ്വീകരിക്കാനുള്ള യു.എസ് സമ്മർദത്തെ ചെറുക്കുകയെന്നത് വികസ്വര രാജ്യങ്ങളുടെ ഫാർമസി എന്ന നിലയിൽ ഇന്ത്യയുടെ ധാർമിക ഉത്തരവാദിത്തവുമാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ LLM, Ph.D നേടിയിട്ടുണ്ട് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.