ലണ്ടൻ: തുടർച്ചയായ മൂന്നാം വിംബിൾഡൺ കിരീട നേട്ടത്തിന് ഒരു കളിയകലെ കാർലോസ് അൽകാരസ്. പുരുഷ വിഭാഗം ആദ്യ സെമിയിൽ അഞ്ചാം സീഡായ ടെയ്‍ലർ ഫ്രിറ്റ്സിനെ വീഴ്ത്തിയാണ് താരം കരിയറിലെ ആറാം ഗ്രാൻഡ്സ്ലാമിലേക്ക് നിർണായക ചുവടുവെച്ചത്. സ്കോർ 4-6 7-5 3-6 6-7 (6-8). ബ്യോൺ ബോർഗ്, പീറ്റ് സാംപ്രാസ്, റോജർ ഫെഡറർ, നൊവാക് ദ്യോകോവിച് എന്നിവർ മാത്രമാണ് വിംബിൾഡണിൽ തുടർച്ചയായ മൂന്ന് കിരീടങ്ങൾ നേടിയത്.
സെർവിലും കരുത്തിലും ഒപ്പം നിൽക്കുകയും ഇഞ്ചോടിഞ്ച് പൊരുതുകയും ചെയ്ത് ആദ്യ സെറ്റ് പിടിച്ച ഫ്രിറ്റ്സ് അട്ടിമറിയുടെ സൂചന നൽകിയെങ്കിലും വിംബിൾഡൺ കളിമുറ്റത്തെ അപ്രമാദിത്വം ഒരിക്കലൂടെ ഉറപ്പിച്ചാണ് അൽകാരസ് ജയിച്ചുകയറിയത്. ആദ്യ കളിയിൽ ഇറ്റാലിയൻ താരം ഫാബിയോ ഫൊഗ്നീനിക്കെതിരെ അഞ്ചു സെറ്റിലേക്ക് നീണ്ട ശേഷം ഇതുവരെയും എതിരാളികൾക്ക് അവസരം നൽകാതെ കോർട്ട് നിറയുന്ന സ്പാനിഷ് താരത്തിന് അവസാനം വരെ ഫ്രിറ്റ്സ് കനത്ത വെല്ലുവിളി തീർത്തു.
രണ്ട് സെറ്റ് പിന്നിടുമ്പോൾ ഇരുവരും ഓരോ സെറ്റ് വീതം നേടി തുല്യത പാലിച്ച കളിയിൽ മൂന്നാം സെറ്റ് അൽകാരസ് പിടിച്ചത് എളുപ്പത്തിലായിരുന്നു. എന്നാൽ, നിർണായകമായ അടുത്ത സെറ്റിൽ ഇരുവരും സർവീസ് പോയിന്റാക്കുന്നത് തുടർന്നതോടെ ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇത് സ്വന്തമാക്കിയായിരുന്നു സ്പാനിഷ് യുവതാരത്തിന്റെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.