ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗ്ൾസ് രണ്ടാം സെമി ഫൈനലിൽ സെർബിയൻ താരം നൊവാക് ദ്യോകോവിചിനെ മറികടന്ന് ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ ഫൈനലിൽ കടന്നു. ആദ്യ മൂന്ന് സെറ്റുകളും 6-3, 6-3, 6-4 എന്ന സ്കോറിൽ സ്വന്തമാക്കിയാണ് ഇറ്റാലിയൻ താരം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ന്നാം സെമിയിൽ യു.എസ് താരം ടെയ്‌ലർ ഫ്രിറ്റ്സിനെ മറികടന്ന നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസാണ് ഫൈനലിൽ സിന്നറുടെ എതിരാളി.
25–ാം ഗ്രാൻസ്‌ലാം കിരീടമെന്ന സ്വപ്നവുമായാണ് സെന്‍റർ കോർട്ടിൽ ദ്യോകോ ഇറങ്ങിയത്. ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തുന്നതായിരുന്നു സെമിയിൽ താരത്തിന്റെ പ്രകടനം. ആദ്യ സെറ്റ് സിന്നർ അനായാസം സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ദ്യോകോ തിരിച്ചുവരുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ രണ്ടാം സെറ്റിലും സിന്നർ കുതിപ്പു തുടർന്നു.
മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച സെർബിയൻ താരം 3–0ന് മുന്നിട്ടു നിന്നതോടെ താരത്തിന്‍റെ തിരിച്ചുവരവിന് കാണികൾ കാത്തിരുന്നു. എന്നാൽ അടുത്ത അഞ്ച് ഗെയിമുകളിലും അപരാജിത കുതിപ്പു നടത്തിയ സിന്നർ മത്സരത്തിൽ ആധിപത്യം തിരിച്ചുപിടിച്ചു. സിന്നറുടെ രണ്ട് മാച്ച് പോയിന്റുകൾ ബ്രേക്ക് ചെയ്ത ദ്യോകോ മൂന്നാം സെറ്റ് 5–4ൽ എത്തിച്ചെങ്കിലും അടുത്ത ഗെയിം അനായാസം നേടിയ സിന്നർ സെറ്റും മത്സരവും സ്വന്തമാക്കി.
ഞായറാഴ്ചയാണ് വിംബിൾഡൾ ഫൈനൽ. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഒരിക്കൽക്കൂടി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് കാർലോസ് അൽകരാസും ജാനിക് സിന്നറും. ഇനി വിംബിൾഡൺ ഫൈനലിലും ചരിത്രം ആവർത്തിക്കുമോ അതോ ജാനിക് സിന്നർ ചാമ്പ്യൻ പട്ടം സ്വന്തമാക്കുമോ എന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.