ലണ്ടൻ: അന്താരാഷ്ട്ര ടെന്നിസിൽ ഒന്നും രണ്ടും റാങ്കുകാരായ യുവരക്തങ്ങൾ ഗ്രാൻഡ് സ്ലാം കിരീടത്തിനായുള്ള കലാശപ്പോരിന് ഞായറാഴ്ച വിംബ്ൾഡൺ സെന്റർ കോർട്ടിൽ റാക്കറ്റുമായിറങ്ങും. ഒരു മാസം മുമ്പ് റോളാങ് ഗാരോസിലെ ഫിലിപ് ചാട്രിയറിൽ ഇരുവരും വിതച്ച ആവേശത്തിന്റെ ചൂടും ചൂരും കെട്ടടങ്ങും മുമ്പെയാണ് മറ്റൊരു കപ്പിനായി മുഖാമുഖം വരുന്നത്. അവസാന ചിരി ആരുടെതായാലും മത്സരം ഏകപക്ഷീയമായിരിക്കില്ല എന്നുറപ്പാണ്.
25ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന ഇതിഹാസതാരം നൊവാക് ദ്യോകോവിചിന്റെ സ്വപ്നത്തെ സെമി ഫൈനലിൽ നിലംപരിശാക്കിയാണ് സിന്നറിന്റെ വരവ്. 6-3, 6-3, 6-4ന് ദയനീയമായി മുട്ടുമടക്കി ദ്യോകോ ലോക ഒന്നാം നമ്പറുകാരന് മുന്നിൽ. 2024ലെയും 2025ലെയും ആസ്ട്രേലിയൻ ഓപണും 2025ലെ യു.എസ് ഓപണും ഷെൽഫിലുള്ള ഇറ്റാലിയൻ താരത്തിന് വിംബ്ൾഡണിൽ ഇത് ആദ്യ ഫൈനലാണ്. ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ ഈ വർഷത്തെ ഫ്രഞ്ച് ഓപണിൽ മാത്രമാണ് സിന്നറിന് അൽകാരസിനെ നേരിടേണ്ടിവന്നത്. മൂന്ന് ടൈ ബ്രേക്കറുകൾ കണ്ട അഞ്ച് സെറ്റ് ത്രില്ലറിൽ സ്പാനിഷ് താരം ജേതാവായി.
അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള ലോക രണ്ടാം നമ്പറുകാരൻ അൽകാരസിന് ഈ യുഗത്തിലെ ഏറ്റവും കരുത്തനായ എതിരാളിയാണ് സിന്നർ. സെമിയിൽ യു.എസ് താരം ടെയ്ലർ ഫ്രിറ്റ്സിനെയാണ് അൽകാരസ് പറഞ്ഞുവിട്ടത്. വിംബ്ൾഡണിൽ ഹാട്രിക് തന്നെയാണ് ലക്ഷ്യം, ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവും. 2025ലെ ഇറ്റാലിയൻ ഓപണിലും നടന്നത് അൽകാരസ്-സിന്നർ ടൈറ്റിൽ ക്ലാഷായിരുന്നു. വിജയം അൽകാരസിനൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.