ലണ്ടൻ: ഫ്രഞ്ച് ഓപൺ ഫൈനലിലെ തോൽവിക്ക് പകരം വീട്ടിയ ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിൾഡൺ പുരുഷ ടെന്നിസ് സിംഗിൾസ് കിരീടം. ഹാട്രിക് മോഹിച്ചെത്തിയ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ 4-6, 6-4, 6-4, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് 23കാരനായ സിന്നർ കന്നി വിംബിൾഡൺ കിരീടമുയർത്തിയത്. സിന്നറുടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപൺ ഫൈനലിൽ അഞ്ച് മണിക്കൂർ നീണ്ട പോരാട്ടത്തിൽ അൽകാരസിന് മുന്നിൽ കീഴടങ്ങിയ സിന്നർ ഇത്തവണ ആദ്യ സെറ്റ് നഷ്ടമാക്കി. 4-2 എന്ന നിലയിൽ ആദ്യ സെറ്റിൽ ലീഡ് നേടിയശേഷമായിരുന്നു തോൽവി. തകർപ്പൻ തിരിച്ചുവരവ് നടത്തിയ അൽകാരസ് 6-4ന് ജയിച്ചുകയറുകയായിരുന്നു. ലോക ഒന്നാം നമ്പർ താരമായ സിന്നർ ഗംഭീര സർവുകളിലൂടെ രണ്ടാം സെറ്റിൽ കളം നിറഞ്ഞു. ഈ ഇറ്റാലിയൻ താരത്തിന്റെ ചില ക്രോസ് കോർട്ട് ഷോട്ടുകളിൽ അൽകാരസ് വീണു. ഏഴുവട്ടം എയ്സുതിർത്ത അൽകാരസ് രണ്ടാം സെറ്റിൽ ആറ് ഇരട്ടപ്പിഴവുകളും വരുത്തി. 6-4ന് സെറ്റ് തിരിച്ചുപിടിച്ചതോടെ സിന്നർ കിരീടത്തിലേക്കുള്ള ചുവടുറപ്പിച്ചു.
മൂന്നാം സെറ്റിൽ ആദ്യഗെയിം എയ്സോടെയാണ് അൽകാരസ് സ്വന്തമാക്കിയത്. 3-2ന് അൽകാരസ് മുന്നിലായെങ്കിലും ബ്രേക്ക് പോയന്റുമായി 5-4ന് സിന്നർ മുന്നിലെത്തി. ഒടുവിൽ 6-4ന് ജയിച്ച് മത്സരത്തിൽ 3-2ന്റെ നിർണായക ലീഡ് നേടി. എയ്സുകളും ഡ്രോപ് ഷോട്ടുകളും നിറഞ്ഞ ആവേശകരമായ അങ്കമായിരുന്നു മൂന്നാം സെറ്റിൽ. നാലാം സെറ്റിൽ കളി മാറിമറിഞ്ഞു. ആദ്യഗെയിം അൽകാരസ് നേടിയെങ്കിലും 3-1ന് സിന്നർ പിടിമുറുക്കി. പിന്നീട് 4-2ലേക്ക് ഇറ്റാലിയൻ താരത്തിന്റെ കുതിപ്പ്. ഒടുവിൽ 6-4ന് ഗെയിമും മത്സരവും കിരീടവും ഇറ്റലിക്കാരന് സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.