ലണ്ടൻ: വിംബ്ൾഡൺ വനിത സിംഗ്ൾസിൽ മറ്റൊരു അട്ടിമറി സൃഷ്ടിച്ച് യു.എസ് താരം അമാൻഡ അനിസിമോവ. ലോക ഒന്നാം നമ്പറുകാരി അരീന സബലങ്കയെ സെമി ഫൈനലിൽ പുറത്താക്കി അനിസിമോവ ഫൈനലിൽ പ്രവേശിച്ചു.
സ്കോർ: 6-4, 4-6, 6-4. ലോക 13ാം റാങ്കുകാരിയായ അനിസിമോവയുടെ കന്നി ഗ്രാൻഡ് സ്ലാം സിംഗ്ൾസ് ഫൈനലാണിത്. ആദ്യ സെറ്റ് പിടിച്ച താരം രണ്ടാമത്തേത് ഇതേ സ്കോറിൽ കൈവിട്ടെങ്കിലും മൂന്നാമത്തെത് ഉജ്ജ്വലമായി നേടിയാണ് ഫൈനലിൽ കടന്നത്.
പുരുഷ സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. 25ാം ഗ്രാൻഡ് സ്ലാം കിരീടവും ലോക റെക്കോഡും തേടുന്ന സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിന് ഒന്നാം റാങ്കുകാരൻ യാനിക് സിന്നറാണ് എതിരാളി. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കാർലോസ് അൽകാരസ് യു.എസ് താരം ടെയ് ലർ ഫ്രിറ്റ്സിനെയും നേരിടും. ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കൊബോളിയെ 6-7 (8), 6-2, 7-5, 6-4 സ്കോറിന് തോൽപിച്ചാണ് ദ്യോകോ സെമിയിലെത്തിയത്.
ഇഞ്ചോടിഞ്ച് ഒന്നാം സെറ്റ് ടൈബ്രേക്കറിൽ കൊബോളി നേടി. തുടർന്ന് മൂന്ന് സെറ്റുകളും പിടിച്ചായിരുന്നു ദ്യോകോവിചിന്റെ തിരിച്ചുവരവ്. വിംബ്ൾഡണിൽ 38കാരന്റെ 14ാം സെമി ഫൈനലാണിത്. ഇറ്റാലിയൻ സൂപ്പർ താരമായ സിന്നറും ദ്യോകോയും തമ്മിൽ നടക്കാൻ പോവുന്നത് പത്താം പോരാട്ടം. ഒമ്പതിൽ അഞ്ചെണ്ണത്തിൽ സിന്നറും നാലിൽ ദ്യോകോയും ജയിച്ചു. തുടർച്ചയായ നാല് ജയങ്ങളുമായാണ് യുവതാരം മുൻതൂക്കം പിടിച്ചത്. യു.എസിന്റെ ബെൻ ഷെൽട്ടണിനെതിരെ ക്വാർട്ടറിൽ 7-6 (7), 6-4, 6-2ന് ജയിച്ചിരുന്നു സിന്നർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.