ന്യൂഡൽഹി: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ അവരുടെ വസതിയിൽവെച്ചാണ് 25കാരിയായ ടെന്നീസ് താരത്തിന് വെടിയേറ്റത്. പിതാവാണ് ഇവർക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ബുള്ളറ്റുകളാണ് രാധികയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 57നിൽ വെച്ചായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തിൽ രാധികയുടെ പിതാവ് ദീപക് യാദവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലൈസൻസുള്ള സ്വന്തം റിവോൾവർ ഉപയോഗിച്ചാണ് പിതാവ് കൊലപാതകം നടത്തിയത്. വെടിയേറ്റയുടൻ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്നാണ് രാധികക്ക് വെടിയേറ്റുവെന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് ഹരിയാന പൊലീസ് അറിയിച്ചു.
ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ഡബിൾസ് റാങ്കിങ്ങിൽ 113ാം റാങ്കുള്ള താരമാണ് രാധിക. 2000 മാർച്ച് 23ന് ജനിച്ച രാധിക സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.