ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിനായി വരിനിൽക്കുന്ന കുട്ടികൾ
ഗസ്സ സിറ്റി: ഗസ്സയിൽ അഭയാർഥി ക്യാമ്പ് ആക്രമിച്ച് കൂട്ടക്കൊല നടത്തിയ ഇസ്രായേൽ അയൽരാജ്യങ്ങളായ ലബനാനിലും സിറിയയിലും ബോംബുവർഷിച്ചു. ഗസ്സയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 24 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കൻ ലബനാനിൽ ബികാ താഴ്വരയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൂസുകളും ബിദൂനി വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സിറിയയിലെ സുവൈദയിലാണ് ഇസ്രായേൽ ബോംബിട്ടത്.
അതിനിടെ, വടക്കൻ ഗസ്സയിൽ 16 ഇടങ്ങളിൽ കൂടി ഇസ്രായേൽ കൂട്ടകുടിയൊഴിപ്പിക്കൽ ഉത്തരവിറക്കി. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പും ഒഴിയണമെന്നാണ് ഭീഷണി. ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുവെന്നും എന്നാൽ, പ്രാഥമിക ഘട്ടത്തിലാണെന്നും മധ്യസ്ഥരായ ഖത്തർ വ്യക്തമാക്കി. ഇസ്രായേൽ, ഹമാസ് പ്രതിനിധികൾ ഇപ്പോഴും ദോഹയിലുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, റഫയിൽ ഇസ്രായേൽ നിർമിക്കുന്ന അഭയാർഥി ക്യാമ്പിൽ ആദ്യ ഘട്ടത്തിൽ ആറു ലക്ഷം ഫലസ്തീനികളെ പാർപ്പിക്കുമെന്നാണ് ഇസ്രായേൽ നിർദേശം. വെടിനിർത്തൽ നടപ്പായി ആദ്യ ഘട്ടത്തിലാകും ഇവരെ ഇവിടെ പാർപ്പിക്കുക. പിന്നീട്, മൊത്തം 20 ലക്ഷം ഫലസ്തീനികളെയും ഇവിടെയെത്തിക്കാനാണ് പദ്ധതി.
ഗസ്സയുടെ മറ്റു ഭാഗങ്ങൾ പൂർണമായി ജനവാസമുക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ- ജൂലൈ കാലയളവിൽ മാത്രം 12,800 കെട്ടിടങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.