എലിസവേറ്റ, വ്ലാദിമിർ പുടിൻ
'മോസ്കോ: വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രഹസ്യ മകൾ എലിസവേറ്റ ക്രിവോനോജിക്. ഒരു വ്യക്തി തന്റെ ജീവിതം തകർത്തുവെന്നാണ് ആ 22 കാരി പേര് വെളിപ്പെടുത്താതെ ടെലഗ്രാം ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. ''എന്റെ മുഖം ലോകത്തെ വീണ്ടും കാണിക്കാൻ കഴിയുന്നു എന്നത് തന്നെ വിമോചനമാണ്'' എന്നാണ് ടെലഗ്രാമിൽ തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് എലിസവേറ്റ കുറിച്ചത്. ''ഞാൻ ആരാകാൻ ജനിച്ചുവെന്നും എന്റെ ജീവിതം നശിപ്പിച്ചത് ആരാണെന്നും ഇത് ഓർമപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ആ മനുഷ്യൻ തന്നെയാണ് എന്റെ ജീവിതവും നശിപ്പിച്ചത്''-എലിസവേറ്റ വെളിപ്പെടുത്തി.
പേര് പറഞ്ഞില്ലെങ്കിലും എലിസവേറ്റ സൂചിപ്പിച്ചത് പുടിനെ തന്നെയാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രഹസ്യ മകളാണെന്ന് പറയുന്നുണ്ടെങ്കിലും എലിസവേറ്റയുമായി പുടിന് യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യൻ ഭരണകൂടം ആവർത്തിക്കുന്നത്. പുടിൻ എലിസവേറ്റയെ കുറിച്ച് കേട്ടിട്ടുകൂടിയില്ലെന്നാണ് 2020ൽ അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്.
കഴിഞ്ഞ വർഷം പാരീസിലെ യുദ്ധവിരുദ്ധ കലാപ്രദർശന ഗാലറിയിൽ റുഡ്നോവ എന്ന കുടുംബപ്പേരിൽ താൻ ജോലി ചെയ്തിരുന്നുവെന്ന് നാടുകടത്തപ്പെട്ട റഷ്യൻ കലാകാരിയായ നാസ്ത്യ റുഡ്നോവ അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് എലിസവേറ്റ വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നത്. പുടിൻ കുടുംബത്തിലെ ഒരാൾക്ക് അത്തരം ഇടവുമായി ബന്ധപ്പെടുന്നത് അനുവദനീയമല്ല എന്ന് പറഞ്ഞ് റുഡ്നോവ ഗാലറിയുമായുള്ള ബന്ധം പരസ്യമായി വിഛേദിക്കുകയും ചെയ്തു.
പാരീസിൽ ഡി.ജെ ആയി ജോലി ചെയ്യുകയാണ് എലിസവേറ്റ. പുടിന്റെ വിശ്വസ്തനായിരുന്ന ഒലേഗ് റുഡ്നോവിന്റെ മകളാണെന്നാണ് എലിസവേറ്റ തന്നെ പാരീസിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. യുക്രെയ്ൻ യുദ്ധാനന്തരമാണ് എലിസവേറ്റ റഷ്യയിൽനിന്ന് അപ്രത്യക്ഷയായത്.
പുടിന്റെയും ശുചീകരണ തൊഴിലാളിയായിരുന്ന സ്വെറ്റ്ലാന ക്രിവോനോഗിഖിന്റെയും മകളാണ് എലിസവേറ്റ എന്നാണ് കരുതുന്നത്. സ്വെറ്റ്ലാന പിന്നീട് റോസിയ ബാങ്കിന്റെ ഷെയർഹോൾഡറായി മാറി.
പുടിന്റെ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ ക്രെംലിൻ അധികൃതർ ബുദ്ധിമുട്ടുന്നതിനിടയിലും എലിസവേറ്റക്ക് റഷ്യൻ പ്രസിഡന്റുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആഡംബര ജീവിതമാണ് അവർ മുമ്പ് റഷ്യയിൽ നയിച്ചിരുന്നത്. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് റഷ്യ മുഴുവൻ കറങ്ങി നടന്നിരുന്ന എലിസവേറ്റക്ക് സ്വന്തമായി സ്വകാര്യ ജെറ്റും ഉണ്ടായിരുന്നു. റഷ്യയിലായിരുന്നപ്പോൾ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. പാരീസിലെ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നാണ് എലിസവേറ്റ ബിരുദം നേടിയതെന്നും ആർട്സ് ആൻഡ് കൾച്ചറൽ മാനേജ്മെന്റിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ശുചീകരണ തൊഴിലാളിയായിരുന്ന എലിസവേറ്റയുടെ അമ്മ വളരെ പെട്ടെന്നാണ് റഷ്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ഷെയർ ഹോൾഡറായി മാറിയത്. പുടിനുമായുള്ള ബന്ധമായിരുന്നു അതിന് കാരണം. യു.എസ് പുടിന്റെ സ്വകാര്യ പണപ്പെട്ടി എന്ന് വിശേഷിപ്പിക്കു ബാങ്ക് ഓഫ് റഷ്യയുടെ ബഹുഭൂരിഭാഗം ഓഹരികളും അവരുടെ പേരിലായിരുന്നു. 2020ലെ കണക്കനുസരിച്ച് സ്വെറ്റ്ലാനയുടെ ആസ്തി 83 മില്യണ്‍ പൗണ്ട് വരുമെന്നാണ്. പുടിനുമായി ബന്ധം സ്ഥാപിച്ചതോടെ റഷ്യയിലെ സമ്പന്ന വനിതകളിൽ ഒരാളായി സ്വെറ്റ്ലാന മാറി. 2003 മാർച്ച് മൂന്നിനാണ് എലിസവേറ്റ ജനിച്ചത് എന്നാണ് രേഖകളിലുള്ളത്. ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ പേര് മാത്രമേയുള്ളൂ.എന്നാൽ പുടിന്റെ മകൾ എന്ന് സൂചിപ്പിക്കുന്ന വ്ലാദിമിറോവ്ന എന്ന പേര് സ്വീകരിച്ചിട്ടുമുണ്ട്. റഷ്യയിൽ പിതാവിന്റെ ആദ്യ പേര് പെൺകുട്ടികൾ സ്വന്തം പേരിനോട് ചേർക്കുന്ന പതിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.