അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരനായ പള്ളി ജീവനക്കാരന് ദാരുണാന്ത്യം. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടി മാളിയേക്കൽ വീട്ടിൽ സൈഫുദ്ദീനാണ് (47) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് ദേശീയപാതയിൽ പുന്തല ജങ്ഷന് സമീപമായിരുന്നു അപകടം. പുറക്കാട് മസ്ജിദിലെ ജീവനക്കാരനായ ഇദ്ദേഹം ഇമാമിന് ഭക്ഷണം വാങ്ങി സൈക്കിളിൽ വരുമ്പോൾ തെക്കുഭാഗത്തേക്ക് ഇഷ്ടിക കയറ്റിപ്പോയ ലോറി ടയർ പഞ്ചറായി നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. സമീപത്തെ തെങ്ങിലിടിച്ചാണ് ലോറി നിന്നത്. അപകടത്തിൽ വാഹനത്തിന് മുന്നിൽ കുരുങ്ങിയ സൈഫുദ്ദീനെ മീറ്ററുകളോളം മുന്നിലേക്ക് വലിച്ചുകൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ കാൽ മുറിഞ്ഞുമാറി. അമ്പലപ്പുഴ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശരീഫ മക്കൾ: ബാദുഷ, ബദറുദ്ദീൻ.