ചാരുംമൂട്: വിറകുശേഖരിക്കാൻ പോയ സ്ത്രീ കടന്നൽക്കുത്തേറ്റ് മരിച്ചു. മകളും ചെറുമകനും പരിക്കേറ്റു. നൂറനാട് പുലിക്കുന്ന് സൂര്യഭവനം (പാപ്പോട്ട് തെക്കതിൽ) കേശവെൻറ ഭാര്യ ജഗദമ്മയാണ് (66) മരിച്ചത്. കടന്നൽക്കുത്തേറ്റ മകൾ ശാന്തകുമാരി (50), ചെറുമകൻ കാശി (5) എന്നിവർ അടൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ ഒരുമിച്ച് വീടിനുസമീപത്തെ മലയിൽ വിറകുശേഖരിക്കാൻ പോയത്. അവിടെ കൂടുകൂട്ടിയ കടന്നലുകൾ ഇളകി കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജഗദമ്മയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. ക്ഷീരകർഷകയായ ജഗദമ്മ ശനിയാഴ്ച രാവിലെ വീട്ടിൽവെച്ചാണ് മരിച്ചത്. തുടർന്ന് മുഖത്ത് നീരുണ്ടായിരുന്ന കേശുവിനെയും ശാന്തെയയും അടൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ജഗദമ്മയുടെ സംസ്കാരം നടന്നു. മറ്റ് മക്കൾ: ഉണ്ണി, ബിന്ദു. മരുമക്കൾ: സുനിൽ, രഘുനാഥൻ. എം.എസ്. അരുൺ കുമാർ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ അജയഘോഷ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.