കരുനാഗപ്പള്ളി: നാടക രചയിതാവും നടനും സി.ആർ. മഹേഷ് എം.എൽ.എയുടെ സഹോദരനുമായ തഴവ തെക്കുംമുറി പടിഞ്ഞാറ് ചെമ്പകശ്ശേരിൽ വീട്ടിൽ സി.ആർ. മനോജ് (45) നിര്യാതനായി. പരേതനായ സി.എ. രാജശേഖരൻ-ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രഫഷനൽ നാടകരംഗത്ത് അഭിനയത്തിലും നാടക രചനയിലും സജീവമായിരുന്നു. പതിനഞ്ചോളം പ്രഫഷനൽ നാടകങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യനാടകം ‘ഒരുദേശം കഥപറയുന്നു’. ഓച്ചിറ സരിഗ നൂറോളം വേദികളിൽ ഇത് അവതരിപ്പിച്ചു. ഭിന്നലിംഗക്കാരുടെ കഥ പറയുന്ന ‘ഇവൻ നായിക’ എന്ന നാടകം ഏറെ ശ്രദ്ധനേടുകയും ഓച്ചിറ നാടകരംഗം 222 വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന് സംസ്ഥാന ഗവൺമെൻറിെൻറ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. അഭിനയരംഗത്തും ശ്രദ്ധയൂന്നിയിരുന്നു. കൊല്ലം ഒഡിസിയുടെ ‘തേജസ്വിനിയുടെ തീരങ്ങളിൽ’ നാടകത്തിലായിരുന്നു ആദ്യാഭിനയം.പ്രഫഷനൽ നാടകരംഗത്തെ കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ഡ്രാമാനന്ദം’ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ്, സി.പി.ഐ തഴവ ലോക്കൽ അസി. സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ നാളായി രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.സി. ജോസഫ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ എം.എൽ.എമാരായ അഡ്വ. എ.എൻ. രാജൻബാബു, ബാബുപ്രസാദ്, ആർ. രാമചന്ദ്രൻ, കോൺഗ്രസ് നേതാവ് എം. ലിജു തുടങ്ങി രാഷ്ട്രീയ നാടക-സാംസ്കാരിക രംഗത്തുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. ഭാര്യ: ലക്ഷ്മി.