ചേർത്തല: ചേപ്പാട് സമരനായിക മുഹമ്മ ചീരപ്പൻചിറ സി.കെ. സരോജിനി (96) അന്തരിച്ചു. കൊയ്ത്തിന് കൂലി ആവശ്യപ്പെട്ട് 1953-54 കാലത്ത് കാർത്തികപ്പള്ളി ചേപ്പാട് ആലപ്പുറത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ നടത്തിയ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖയായിരുന്നു.പത്തുപറ നെല്ലിന് ഒരു ഉരി നെല്ല് വേണമെന്ന് ആവശ്യപ്പെട്ട് ജന്മികൾക്കെതിരെയാണ് സമരം നടത്തിയത്. ഈ സമരം പിന്നീട് എ.കെ.ജി പാർലമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. സമരകാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർത്തികപ്പള്ളി താലൂക്ക് കമ്മറ്റി അംഗമായിരുന്നു. മഹിളസംഘടനയുടെ താലൂക്ക് പ്രസിഡൻറായും നേതൃത്വം വഹിച്ചു. ചേപ്പാട് സമരനായകൻ മുട്ടം തോപ്പിൽ പരേതനായ വി.എസ്. ഗോപാലനാണ് ഭർത്താവ്. 1961ൽ ഭർത്താവിെൻറ മരണത്തെ തുടർന്നാണ് സരോജിനിയും അഞ്ചു മക്കളും മുഹമ്മയിലെ ചീരപ്പൻചിറ കുടുംബവീട്ടിലേക്ക് താമസം മാറിയത്. മന്ത്രിയായിരുന്ന സുശീലഗോപാലെൻറ ജ്യേഷ്ഠസഹോദരിയാണ്.മക്കൾ: ജി.വേണുഗോപാൽ (മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്), ശ്യാമ കനകചന്ദ്രൻ (റിട്ട. ഉദ്യോഗസ്ഥ, സിൻഡിക്കേറ്റ് ബാങ്ക്), ഷീല മണി, ജി. സാനു, മിനി ഗോപൻ (റിട്ട. ഉദ്യോഗസ്ഥ, എസ്.ബി.ഐ). മരുമക്കൾ: കെ.കനക ചന്ദ്രൻ (റിട്ട. ഇൻഡസ്ട്രിയൽ ട്രൈ ബ്യൂണൽ ജഡ്ജി), കെ.എസ്. പ്രീത (റിട്ട. അധ്യാപിക, എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ), സി.കെ. മണി ചീരപ്പൻചിറ (റിട്ട. എൻജിനീയർ, ഇന്ത്യൻ കസ്റ്റംസ്), എസ്. പ്രീതി (റിട്ട. അധ്യാപിക, കെ.പി.എം.യു.പി.എസ്, മുഹമ്മ), പി.കെ. ശശിധരൻ (ജനറൽ മാനേജർ, മസ് ഗോൺ ഡോക്ക്, മുംബൈ).