അമ്പലപ്പുഴ: ഗോഡൗൺ നിർമാണത്തിനിടെ കയർപൊട്ടി പൈപ്പ് ദേഹത്തുവീണ് കരാറുകാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം ചെമ്മംപള്ളി വീട്ടിൽ ഔസേപ്പ് കുര്യെൻറ മകൻ ജോസിയാണ് (38) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ആലപ്പുഴ വണ്ടാനം ഡെൻറൽ കോളജിന് സമീപം കേരള മെഡിക്കൽ കോർപറേഷെൻറ മരുന്നുകൾ സൂക്ഷിക്കാൻ നിർമിക്കുന്ന ഗോഡൗണിലായിരുന്നു അപകടം. ട്രെസ്വർക്കിനായി പൈപ്പുകൾ കയർ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ കയർപൊട്ടി പൈപ്പ് ദേഹത്തുവീണായിരുന്നു അപകടം. ആറിഞ്ച് വരുന്ന പൈപ്പാണ് ദേഹത്ത് വീണത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി ചേർത്തല പള്ളിപ്പുറം അഴീക്കൽ കുര്യാക്കോസിെൻറ മകൻ വർഗീസിെൻറ (28) വലതുകൈ അറ്റുപോയി. ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് തൊഴിലാളികൾ ഓടിമാറിയതിനാൽ പരിക്കേറ്റില്ല. മറ്റ് തൊഴിലാളികൾ ഉടൻ ജോസിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ജോസി അവിവാഹിതനാണ്. സഹോദരങ്ങൾ: കുര്യൻ ജോസഫ്, ലിൻസി.