ആലപ്പുഴ: പ്രേംനസീറിെൻറ ഡ്യൂപ്പായി ഒട്ടേറെ സിനിമകളിൽ സാഹസിക വേഷമിട്ട ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പിൽ എ. കോയ (നസീർ കോയ-85) വിടവാങ്ങി. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായാണ് സിനിമജീവിതത്തിലേക്ക് എത്തിയത്. പിന്നീട് പ്രേംനസീറിെൻറ ‘പഴശ്ശിരാജ’ ചിത്രത്തിലാണ് ഡ്യൂപ്പായി അരങ്ങേറിയത്. മോഹൻലാൽ നായകനായ വിയറ്റ്നാം കോളനിയാണ് അവസാനചിത്രം. നിരവധി സിനിമകളിൽ ചെറിയവേഷങ്ങളും ചെയ്തിട്ടുണ്ട്. സംഘട്ടനരംഗങ്ങളിൽ പ്രേംനസീറിന് പരിക്കേൽക്കാതിരിക്കാൻ കുഞ്ചാക്കോയാണ് കോയയെ ഡ്യൂപ്പാക്കി അവതരിപ്പിച്ചത്. അത് ഹിറ്റായതോടെ ഉദയയുടെ ആദ്യകാല സിനിമകളിൽ നസീറിെൻറ ഡ്യൂപ്പായി തിളങ്ങിയിരുന്നു. അക്കാലത്ത് നസീറിെൻറ രൂപസാദൃശ്യവും സൗന്ദര്യവും ഒത്തിണങ്ങിയ മറ്റൊരാളെ കണ്ടെത്തുക പ്രയാസമായിരുന്നു. അങ്ങനെയാണ് ഉദയ സ്റ്റുഡിയോയിൽ ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നസീറിെൻറ ഡ്യൂപ്പിലേക്ക് കോയ കുതിച്ചത്. ഭാര്യ, തീക്കടൽ, അനാർക്കലി, കടൽപാലം, വിയറ്റ്നാം കോളനി, കർമ അടക്കം മുപ്പതിലധികം സിനിമകളിൽ വേഷമിട്ടു. ഏറ്റവും കൂടുതൽ നസീറിെൻറ ഡ്യൂപ്പായെന്ന റെക്കോഡും കോയക്ക് സ്വന്തമാണ്. പ്രേംനസീർ കോയയെ വിളിച്ചിരുന്നത് നസീറിക്ക എന്നാണ്. കുഞ്ചാക്കോയുടെ ‘പഴശ്ശിരാജ’യിലെ വാൾപയറ്റും സാഹസികസീനുകളും അഭിനയിക്കുേമ്പാൾ പ്രേംനസീറിന് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ കുഞ്ചാക്കോയും തിരക്കഥാകൃത്ത് ശാരംഗപാണിയുമാണ് കോയയെ കണ്ടെത്തിയത്. സിനിമയിലെ വേഷങ്ങൾ അഴിച്ചുവെച്ച് ജീവിതത്തിെൻറ പ്രാരബ്ധം അകറ്റാൻ ആലപ്പുഴയിൽ ജ്യൂസ് വിൽപനക്കാരനായി. മൂന്നുവർഷമായി പ്രായത്തിെൻറ അവശതയിൽ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഭാര്യ: പരേതയായ നസീമ. മക്കൾ: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കൾ: കുൽസും ബീവി, നജീബ്, താഹിറ, ഷാമോൻ, അൻസി.