വള്ളികുന്നം: പുരുഷ സുഹൃത്തിനോട് ഭീഷണി മുഴക്കിയ യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിെൻറ ഭാര്യ സവിതയാണ് (24) മരിച്ചത്. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന സതീഷുമായി രണ്ടര വർഷം മുമ്പായിരുന്നു വിവാഹം. സംഭവം നടക്കുമ്പോൾ സതീഷിെൻറ മാതാവും സഹോദരി പുത്രിയുമാണ് വീട്ടിലുണ്ടായിരുന്നത്. മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ സവിതയോടൊപ്പം ജോലി ചെയ്തിരുന്ന പുരുഷ സുഹൃത്ത് ഈ സമയം വീടിന് പുറത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൈയിലെ ഞരമ്പ് മുറിച്ചശേഷം ഫോണിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് ഇയാൾ ഇവിടെ എത്തിയത്. സവിതയുമായി സംസാരിക്കുന്നതിനിടെ മരിക്കാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി അകത്ത് കയറി കതക് വലിച്ചടച്ചതായാണ് ഇയാൾ പറയുന്നത്. പരിഭ്രാന്തനായ യുവാവ് ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സവിതയുടെ പിതാവ് സജു മൊഴി നൽകി. പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.