അമ്പലപ്പുഴ: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ദേവസ്വംപറമ്പിൽ സുദേവൻ-സീമ ദമ്പതികളുടെ മകൻ സചിൻ ദേവ് (26) മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ കരൂർ ജങ്ഷന് സമീപം റോഡിൽ ഗുരുതര പരിക്കേറ്റ് കിടന്ന യുവാവിനെ അമ്പലപ്പുഴ പൊലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവ് ശനിയാഴ്ച ഉച്ചയോടെ മരിച്ചു. വ്യാഴാഴ്ച രാത്രി കരൂർ, പുന്തല എന്നിവിടങ്ങളിൽ സുഹൃത്തുക്കളുടെ വിവാഹ ചടങ്ങിന് പോയതായിരുന്നു. ഇതിനുശേഷമാണ് അർധരാത്രിയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടത്. വാഹനാപകടത്തിൽ പരിക്കേറ്റതല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. തലക്ക് പിന്നിലും കൈക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തെക്കുറിച്ച് െപാലീസ് അന്വേഷിക്കുന്നതിനിടെയാണ് മരണം. മത്സ്യത്തൊഴിലാളിയാണ് സചിൻ ദേവ്.