ചെങ്ങന്നൂർ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും എണ്ണയ്ക്കാട് സമരപോരാളിയുമായിരുന്ന ബുധനൂർ പാലയ്ക്കാമണ്ണിൽ വീട്ടിൽ പി.ജെ. തങ്കമ്മ (87) നിര്യാതയായി. കുടികിടപ്പിനുവേണ്ടി 1924ൽ എണ്ണയ്ക്കാട്ട് നടന്ന സമരത്തിൽ പ്രധാനപങ്ക് വഹിച്ച ഇവർ പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. രാധമ്മ തങ്കച്ചി, സുഭദ്രാമ്മ തങ്കച്ചി, ശാരദാമ്മ എന്നിവരോടൊപ്പം പാർട്ടിയെ സജീവമാക്കുന്നതിലും മഹിളകളെ സംഘടിപ്പിക്കുന്നതിലും മുന്നിട്ട് നിന്നു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡൻറ്, മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, പാർട്ടി താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗമാണ്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മകനോടൊപ്പം മൈനാഗപ്പള്ളിയിലായിരുന്നു താമസം. മകൻ: ദേവരാജൻ. മരുമകൾ: സുജാത.