മാരാരിക്കുളം: ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ് പാതിരപ്പള്ളി പാട്ടുകളം കോളനിയിൽ വടക്കത്ത് വീട്ടിൽ പരേതനായ പപ്പെൻറ മകൻ രജുകുമാർ (46), ഭാര്യ അജിത(42) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാതിരപ്പള്ളിയിൽ വർക്ക്ഷോപ് ജീവനക്കാരനായ രജുകുമാർ രാവിലെ 10ന് സൈക്കിളിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, വൈകീട്ട് സമീപവീട്ടിലെ മാതാവിെൻറ രൂപം വണങ്ങാൻ സാധാരണ എത്താറുള്ള അജിതയെ കാണാത്തതിനാൽ അയൽവീട്ടുകാർ അന്വേഷിച്ച് ചെന്നെങ്കിലും വാതിൽ അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ രജുകുമാറിനെ കാണുന്നത്. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ അടുത്ത മുറിയിൽ അജിതയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടു. മണ്ണഞ്ചേരി പൊലീസ് എത്തി ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കുശേഷം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് പറയുന്നു.