വടക്കഞ്ചേരി: മൂന്നുദിവസം മുമ്പ് കാണാതായയാളെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് തെക്കേപ്പൊറ്റ കുന്നത്ത് വീട്ടിൽ വേലായുധനാണ് (75) മരിച്ചത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിൽ സമീപവാസികളാണ് മൃതദേഹം കണ്ടത്. വീടിന് സമീപത്തെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ അപകടത്തിൽപെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. സഹോദരങ്ങൾ: ദാസൻ, രാധാകൃഷ്ണൻ, വിശാലു, തങ്ക.