കല്ലടിക്കോട്: നാട്ടുകാരുടെ സഹായത്തിന് കാത്തുനിൽക്കാതെ യുവാവ് യാത്രയായി. സെപ്റ്റംബർ 11ന് രാത്രി എട്ടോടെ ഒറ്റപ്പാലത്തെ ക്രഷറിൽ വീണ് സാരമായി പരിക്കേറ്റ കല്ലടിക്കോട് ചൂരക്കോട് കാഞ്ഞിരാനി വീട്ടിൽ പഴനിയപ്പെൻറ മകൻ സുധീഷാണ് (28) തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 10.30ന് മരിച്ചത്. സമൂഹ മാധ്യമങ്ങളിൽ ചികിത്സ സഹായം തേടിയതോടെ കുറച്ച് തുക ലഭിച്ചിരുന്നു. വിദഗ്ധ ചികിത്സക്ക് പണം കണ്ടെത്താൻ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കാനൊരുങ്ങവെയാണ് മരണം. മൃതദേഹം തൃശൂർ സ്വകാര്യ ആശുപത്രിയിൽ. കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങൾ: സുരേഷ്, സുദേവ്.