കോട്ടായി: വീട്ടിൽ ഉറങ്ങാൻ കിടന്ന വീട്ടമ്മയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടായി പുളിനെല്ലി കല്ലേക്കാട് പരേതനായ കൃഷ്ണെൻറ ഭാര്യ പാഞ്ചാലിയുടെ (72) മൃതദേഹമാണ് ബുധനാഴ്ച പുലർച്ച കോട്ടായി കണ്ടത്താർ കാവ് ക്ഷേത്രക്കുളത്തിൽ കണ്ടത്. ചൊവ്വാഴ്ച രാത്രി 11ന് ഉറങ്ങാൻ കിടന്ന വയോധികയെ കാണാതായതായി ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് കുടുംബാംഗങ്ങൾ അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് രണ്ടു കിലോമീറ്റർ അകലെയുള്ള ക്ഷേത്രകുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ആലത്തൂരിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ജഗദീഷ്, മുരളീധരൻ, മണികണ്ഠൻ, ഇന്ദിര, ചെമ്പകം, വനജ, വിജയകുമാരി, പരേതനായ ഹരിദാസ്.