അമ്പലപ്പുഴ: ആറ്റിൽ കാണാതായ ഗൃഹനാഥെൻറ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡ് അഞ്ചിൽ വീട്ടിൽ അപ്പുക്കുട്ടെൻറ (62) മൃതദേഹമാണ് അഗ്നിശമന സേനയുടെ തിരച്ചിലില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ പൂകൈത ആറ് മുറിച്ച് കടക്കുന്നതിനിടെ വള്ളത്തില്‍നിന്ന് കാൽ വഴുതി വീണതാകാമെന്ന് സംശയിക്കുന്നു. വൈശ്യം ഭാഗത്തുള്ള എസ്.എൻ.ഡി.പി ശാഖ യോഗം ഭാരവാഹിയായ ഇദ്ദേഹം അവിടെ വിളക്ക് തെളിയിക്കാൻ വൈകീട്ട് 6 ന് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. തിരികെ എത്താൻ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വള്ളം ആറ്റിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തി. ചെരിപ്പും കുടയും വള്ളത്തില്‍ ഉണ്ടായിരുന്നു. നാട്ടുകാരും അമ്പലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. തകഴി അഗ്നിശമന വെള്ളിയാഴ്ച രാവിലെയും തിരച്ചില്‍ തുടര്‍ന്നു. വൈകീട്ട് നാലോടെയാണ് കഞ്ഞിപ്പാടം കടത്തുകടവില്‍ മൃതദേഹം കണ്ടെത്തുന്നത്. ഭാര്യ രേവമ്മ. മക്കള്‍ പാര്‍വതി, രാഹുല്‍. മരുമക്കള്‍: രഞ്ജിത്ത്, നന്ദിത. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.