ഷൊർണൂർ: പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ഷൊർണൂർ ചുടുവാലത്തൂർ സാധനയിൽ ഡോ. കെ. കരുണാകരൻ (86) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മികച്ച കൃഷി ശാസ്ത്രജ്ഞരെ സംഭാവന ചെയ്ത അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. പ്രായമേറെയായേപ്പാഴും കർഷകരോടൊപ്പം വയലിൽ ഇറങ്ങാനും കൃഷിയെക്കുറിച്ചുള്ള സാങ്കേതിക കാര്യങ്ങൾ ലളിതമായി ധരിപ്പിക്കാനുമുള്ള കഴിവിലൂടെ വ്യത്യസ്തനായി. 1935ൽ കുമരനെല്ലൂർ ആട്ടയിൽ വളപ്പിൽ ഗോവിന്ദ മേനോെൻറയും കൊല്ലത്ത് നാണിക്കുട്ടി അമ്മയുടെയും പത്ത് മക്കളിൽ മൂന്നാമനായാണ് ജനനം. കൃഷി ശാസ്ത്രത്തിൽ എം.എസ്സി വരെ പഠിച്ചു. നെല്ലിലെ മ്യൂട്ടേഷൻ പ്രജനനത്തിെൻറ ഗവേഷണത്തിലൂടെ 1971ൽ ഹംഗറിയിൽനിന്ന് ഡോക്ടറേറ്റ് നേടി. കാർഷിക സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഗവേഷണ വിഭാഗം തലവെൻറ ചുമതലയും വഹിച്ചു. പ്രഫസറായിരിക്കെ 1988ൽ സ്വയം വിരമിച്ചു. കേരളത്തിലെ ആദ്യ മ്യൂട്ടൻറ് നെല്ലിനമായ രശ്മിയും പന്ത്രണ്ട് പുത്തൻ നെല്ലിനങ്ങളും വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പട്ടാമ്പിയിൽനിന്ന് പുറത്തിറങ്ങിയ ‘കരുണ’ നെൽവിത്തിെൻറ പേരിലൂടെ വിരമിച്ച ശേഷവും കാർഷിക രംഗത്തെ ശ്രദ്ധാകേന്ദ്രമായി. ‘ഗാലസ’ പദ്ധതിയുടെ ഭാഗമായി കാർഷിക പങ്കാളിത്ത ഗവേഷണത്തിലൂടെ രണ്ട് നെൽവിത്തുകൾ ഉരുത്തിരിച്ചെടുക്കുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകി. നെല്ലിൽ ഓല കരിച്ചിൽ ഉണ്ടാക്കുന്ന ബാക്ടീരിയയുടെ നിയന്ത്രണത്തിന് പുത്തൻ ചാണകത്തിെൻറ തെളിനീർ ഉത്തമ മരുന്നാണെന്ന് തെളിയിച്ച് ദേശീയ ശ്രദ്ധ നേടി. കവിതകൾ, കാണിക്ക, കാഴ്ചപ്പാട്, ഒരുപിടി വാടാമല്ലിപ്പൂക്കൾ, വിത്തും കൈക്കോട്ടും എന്നീ പുസ്തകങ്ങൾ രചിച്ചു. ഭാര്യ: കേരള കാർഷിക സർവകലാശാല മുൻ പ്രഫസർ പി. ചന്ദ്രിക. മക്കൾ: സുനിൽ, അനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത്.