കുട്ടനാട്: കായലിൽ പുഞ്ചകൃഷിക്കുള്ള പമ്പിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയെ മോട്ടോർ തറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഗ്രാമപഞ്ചായത്ത് പുത്തൻപറമ്പ് വടക്കേതിൽ മനോഹരനാണ് (60) മരിച്ചത്. കുട്ടനാട്ടിലെ ഇ- ബ്ലോക്ക് ഇരുപത്തിനാലായിരം കായലിൽ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായലിെൻറ വടക്കേ പുറംബണ്ടിലെ എട്ടാം മോട്ടോർ തറയിലെ പമ്പിങ് തൊഴിലാളിയായിരുന്നു. 200 മീറ്റർ അകലെയായി ഇരുവശങ്ങളിലുമുള്ള മറ്റു മോട്ടോർ തറയിലെ തൊഴിലാളികളുമായി തലേന്ന് രാത്രിയിലും ഇദ്ദേഹം സംസാരിച്ചിരുന്നു. ഇന്നലെ രാവിലെ മോട്ടോർ തറയിലെത്തിയ മത്സ്യത്തൊഴിലാളികളാണ് മരിച്ച നിലയിൽ കണ്ടത്. കൈനടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.