മാരാരിക്കുളം: ‘ജനയുഗം’ കൊച്ചി യൂനിറ്റ് മാനേജറും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആര്യാട് കൈതവളപ്പിൽ എ. ശിവരാജൻ (73) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ഓച്ചിറയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.ഐ.ടി.യു.സി ആലപ്പുഴ ജില്ല പ്രസിഡൻറ്, ആലപ്പുഴ അർബൻ ബാങ്ക് പ്രസിഡൻറ്, ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, സി.പി.ഐ മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ആലപ്പുഴ ജില്ല മുൻ സെക്രട്ടറി, ബോട്ട് ക്രൂ അസോസിയേഷൻ ജനറൽ സെക്രട്ടറി, റാണി കായൽ പാടശേഖര പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ: രമാദേവി. മക്കൾ: ഉണ്ണി ശിവരാജൻ (അധ്യാപകൻ, മുഹമ്മ എ.ബി വി.എച്ച്്.എസ്.എസ്, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി), നീര (കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്, ചേർത്തല). മരുമക്കൾ: നിഖിത, അജയൻ (ക്ലർക്ക്, മുഹമ്മ എ.ബി വി.എച്ച്.എസ്.എസ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ആര്യാട് വീട്ടുവളപ്പില്‍.