അമ്പലപ്പുഴ: പിക്അപ് വാനിെൻറ വാതിലിലെ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ശറഫുൽ ഇസ്ലാം പള്ളിക്കുസമീപം മണ്ണാപറമ്പിൽ അൽത്താഫ്-അൻസില ദമ്പതികളുടെ മകൻ അൽഹനാനാണ് മരിച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. ഡ്രൈവർഭാഗത്തെ വീലിൽ ചവിട്ടി വാനിെൻറ അടഞ്ഞുകിടന്ന വാതിലിെൻറ പാതി താഴ്ത്തിയ ഗ്ലാസിനിടക്കുകൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു. കഴുത്ത് ഗ്ലാസിൽ കുരുങ്ങിയാണ് അന്ത്യം. ശബ്ദംകേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത കുട്ടിയെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരൻ: അൽഅമീൻ.