ചാരുംമൂട്: ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതിക ഭവനിൽ രാജുവിെൻറ മകൻ രാഹുലാണ് (14) അച്ചൻകോവിലാറിൽനിന്ന് കരിങ്ങാലിച്ചാൽ പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂേന്നാടെ കുന്നേൽ ക്ലാത്തറ കടവിനുസമീപമാണ് സംഭവം. അമ്മയുടെ വീടിന് സമീപമാണ് അപകടം നടന്നത്.രാഹുലും കൂട്ടുകാരും കരിങ്ങാലിച്ചാൽ പുഞ്ചയിൽ വലിയതോട്ടിലെ ക്ലാത്തറ കുളിക്കടവിൽ കുളിക്കാനെത്തിയതായിരുന്നു. രാഹുൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപെട്ടതോടെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫിസർ ബി. വിനോദ് കുമാറിെൻറ നേതൃത്വത്തിൽ അടൂരിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും നൂറനാട് പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. സ്ഥലത്ത് എത്തിയ പത്തനംതിട്ട സ്കൂബ ടീം അംഗങ്ങളും മാവേലിക്കര അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വൈകീട്ട് ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഐരാണിക്കുഴി പാലത്തിനു താഴെ തോട്ടിലെ ഷട്ടർ താഴ്ത്തിയാണ് തിരച്ചിൽ നടത്തിയത്. പടനിലം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് രാഹുൽ. പിതാവ് രാജു ഇടപ്പോൺ ജോസ്കോ ആശുപത്രി ജീവനക്കാരനാണ്. മാതാവ്: ലതിക. സഹോദരി: ബി.എസ്സി നഴ്സിങ് വിദ്യാർഥിനി രാധിക.