മാവേലിക്കര: കുടുംബവഴക്കിനെത്തുടർന്ന് മദ്യലഹരിയിൽ വീടിനും ഇരുചക്രവാഹനത്തിനും തീയിട്ടശേഷം കറിക്കത്തി ഉപയോഗിച്ച് മകൻ കഴുത്തിൽ മുറിവേൽപ്പിച്ച മാതാവ് മരിച്ചു. ചെട്ടിക്കുളങ്ങര ഈരേഴവടക്ക് നാമ്പോഴിൽ വീട്ടിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുക്മിണിയമ്മയാണ്(88) മരിച്ചത്. കഴുത്തിലെ മുറിവുഭേദമായി വീട്ടിൽ വിശ്രമിക്കവേ ആയിരുന്നു മരണം. കഴിഞ്ഞമാസം 29നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ സുരേഷ് കുമാർ (50) വീടിനും ഇരുചക്രവാഹനത്തിനും തീയിട്ടശേഷം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും നോക്കിനിൽക്കേ രുക്മിണിയമ്മയുടെ കഴുത്തിൽ കത്തികൊണ്ടു മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കഴുത്തിൽ സ്വയം മുറിവേൽപ്പിച്ചു. ചികിത്സക്കുശേഷം ജയിലിലാണ് സുരേഷ്കുമാർ. മറ്റുമക്കൾ: വിജയൻ, അജയൻ, പരേതനായ വേണു.