ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴ പടിഞ്ഞാറ് കടലിൽ വീണ് കാണാതായ കൊല്ലം അഴീക്കൽ തെക്കടുത്ത് വീട്ടിൽ രാജേന്ദ്രെൻറ മകൻ രാഹുലിെൻറ (കണ്ണൻ -32) മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ച തൃക്കുന്നപ്പുഴ പതിയാങ്കര ജങ്ഷന് തെക്ക് വാഫി കോളജിന് പടിഞ്ഞാറ് ഭാഗത്ത് കടൽഭിത്തിക്കിടയിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മൃതദേഹം അഴുകിയിരുന്നു. ഇയാൾ ധരിച്ചിരുന്ന വള്ളത്തിെൻറ പേരുള്ള ബനിയൻ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അഴീക്കലിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ 13ന് ഉച്ചക്ക് രണ്ടരയോടെ മത്സ്യബന്ധനത്തിനിടെ കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ കടലിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മൂന്ന് ദിവസം മത്സ്യത്തൊഴിലാളികളും നേവി, കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ്, തോട്ടപ്പള്ളി-നീണ്ടകര കോസ്റ്റൽ പൊലീസ് എന്നിവയുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് കടൽ പ്രക്ഷുബ്ധമായതോടെ തിരച്ചിൽ നിർത്തിവെച്ചു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് തിരച്ചിൽ പുനരാരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് എസ്.ഐ മണിലാലിെൻറ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.ഐ ഐ. സാബുവിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. എസ്.ഐ കെ. കമലൻ, എ.എസ്.ഐ ഫിലിപ്പ്, സി.പി.ഒമാരായ ഇക്ബാൽ, തോമസ്, അലക്സ്, കോസ്റ്റൽ വാർഡൻമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് ആറിന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ലീല. ഭാര്യ: ഉണ്ണിമായ. മക്കൾ: ആരുഷ്, ആദി കേശവ്.