ചെങ്ങന്നൂർ: താലൂക്കിലെ മാന്നാർ നായർ സമാജം അക്ഷര ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര പരവഴയിൽ വീട്ടിൽ മണിയെൻ ഭാര്യ ലളിത (65), കിടപ്പുരോഗിയായ മരംകയറ്റ തൊഴിലാളി മാന്നാർ കുരട്ടിശ്ശേരി രണ്ടാംവാർഡിൽ പാവുക്കര പന്തളാറ്റിച്ചിറയിൽ മണലിൽ തെക്കേതിൽ രാജപ്പൻ ആചാരി (73) എന്നിവരാണ് മരിച്ചത്. കുഴഞ്ഞുവീണ ലളിതയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മാവേലിക്കര ജില്ല ആശുപത്രിയിലും എത്തിച്ചു. പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു. മക്കൾ: റെജി, ശശികല, പരേതയായ രേണു. സംസ്കാരം പിന്നീട്. രാജപ്പൻ ആചാരി തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. സ്വന്തം സ്ഥലത്ത് വെള്ളംകയറിയതിനാൽ കടപ്ര പഞ്ചായത്തിലെ ഉപദേശിക്കടവിനടുത്തുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: പരേതയായ സുമതി. മക്കൾ: സത്യകുമാർ, രാഖി, സീമ.