ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ ആരോഗ്യ പ്രവർത്തകൻ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ മഠത്തിപ്പറമ്പ് കോളനിയിൽ പരേതനായ പൊന്നപ്പൻ -അരുദ്ധതി ദമ്പതികളുടെ മകൻ അഭിജിത്താണ് (29) മരിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ജീവനക്കാരനാണ്. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ഞായറാഴ്ച രാത്രി ഏഴിന് കുത്തിയതോട് പാലത്തിന് സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പുറമേ കാര്യമായ പരിക്ക് കാണാത്തതിനാൽ പ്രാഥമിക ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി വയറുവേദനയും ഛർദിയും മൂലം ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രേവതി, സഹോദരി: അഭിരാമി