ആലങ്ങാട്: പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ഷിജിനാണ് (31) മരിച്ചത്. ആലുവ-വരാപ്പുഴ റൂട്ടിൽ ആലങ്ങാട് സെൻറ് മേരീസ് പള്ളിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. യുവതിയുമായുള്ള തർക്കത്തെതുടർന്ന് സെൻറ് മേരീസ് പള്ളിയുടെ സമീപത്തെ റോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ശരീരത്തിൽ പടർന്ന തീ അണക്കുകയും ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഷിജിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരം പൂർണമായി കത്തിയ നിലയിലായിരുന്നു. ഷിജിൻ ഉപയോഗിച്ച സ്കൂട്ടറും പെട്രോൾ നിറച്ചുകൊണ്ടുവന്ന കന്നാസും സമീപത്തെ റോഡിൽനിന്ന് പൊലീസിന് ലഭിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.