വടക്കഞ്ചേരി: ദേശീയപാത വഴുക്കുംപാറക്ക് സമീപം ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം കുളത്തിങ്കൽ വീട്ടിൽ വേലായുധെൻറ മകൻ രാജു (51) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. തൃശൂർ മെട്രോപൊളിറ്റൻ ആശുപത്രിയിലെ ഡ്രൈവറായ രാജു ജോലി കഴിഞ്ഞ് ബൈക്കിൽ വരുമ്പോൾ വഴുക്കുംപാറക്ക് സമീപം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിലേക്ക് വീണ രാജുവിെൻറ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഇടിച്ച വാഹനം നിർത്താതെ പോയി. മഴയും ദേശീയ പാതയോരത്തെ ചളിയുമാണ് ബൈക്ക് നിയന്ത്രണം തെറ്റാൻ കാരണമെന്ന് പറയുന്നു. ദേശീയപാതയിൽ സർവിസ് റോഡിെൻറ പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് ചളി നിറഞ്ഞിരിക്കുന്നുണ്ട്. പീച്ചി പൊലീസ് കേസെടുത്തു. മൃതദേഹം തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. മാതാവ്: പരേതയായ തങ്ക. ഭാര്യ: ഷീജ. മക്കൾ: മന്യ, മനുരാജ്, മനീഷ.