മാവേലിക്കര: ടെമ്പോ ഇടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന തഴക്കര മുണ്ടേൽപള്ളി പുത്തൻവീട്ടിൽ ജിബു പി. മാത്യു (57) മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ തട്ടാരമ്പലം-മാവേലിക്കര റോഡിൽ കണ്ടിയൂർ അമ്പലമുക്കിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ഇലക്ട്രീഷനായ ജിബു തട്ടാരമ്പലം ഭാഗത്തെ പണിയിടത്തിൽ നിന്ന് മാവേലിക്കര ഭാഗത്തേക്ക് പോകുമ്പോൾ എതിർദിശയിൽനിന്ന് എത്തിയ ടെമ്പോ ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ജിബുവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അച്ചാമ്മ ജിബു. മക്കൾ: നിതിൻ, മേഘ. മരുമകൾ: ലിജിൻ മാത്യു. സംസ്കാരം പിന്നീട്.