ആറാട്ടുപുഴ: യുവാവിനെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ. മുഹമ്മദിെൻറ മകൻ അഷ്കറിനെയാണ് (അച്ചു -23) മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് മുതുകുളം ഒമ്പതാം വാർഡിൽ കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ അഷ്കർ വിവാഹം കഴിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയത്തിൽ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒരുവർഷം എറണാകുളത്ത് താമസിച്ച അഷ്കർ മൂന്നുമാസം മുമ്പ് മുതുകുളത്തെ മഞ്ജുവിെൻറ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെ വീടിെൻറ അടുക്കള ഭാഗത്താണ് മരിച്ചനിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ ആറരയോടെ താനാണ് ആദ്യം മൃതദേഹം കണ്ടതെന്നാണ് മഞ്ജുവിെൻറ അമ്മ വിജയമ്മ പൊലീസിന് നൽകിയ മൊഴി. പിറകുവശത്ത് വീടിന് വെളിയിലായി വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള മുറിയോടുചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മഞ്ജുവും അമ്മയും നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹത്തിെൻറ കഴുത്തുഭാഗത്ത് പാടുകളുണ്ട്. മുമ്പുള്ളതായിരുന്നോ ഇപ്പോൾ ഉണ്ടായതാണോയെന്ന് വ്യക്തമല്ലെങ്കിലും ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്.
മൃതദേഹം ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. ബ്രീസി ജേക്കബ്, വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സയൻറിഫിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്കറിെൻറ ബന്ധുക്കൾ ആരോപിച്ചു. അഷ്കർ ശനിയാഴ്ച രാത്രി തന്നെ വിളിച്ചതായി പിതാവ് മുഹമ്മദ് പറഞ്ഞു. ഭാര്യയുടെ മാനസികപീഡനംമൂലം അവിടെ നിൽക്കാൻ കഴിയില്ലെന്ന് മകൻ പറഞ്ഞിരുന്നു. 80,000 രൂപ നൽകിയാൽ ബന്ധം വേർപ്പെടുത്താമെന്ന് മഞ്ജു പറഞ്ഞതായി മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.