ഹരിപ്പാട്: നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച് മുട്ടം പാനേത്ത് വീട്ടിൽ പ്രസന്നന്റെയും അമ്പിളിയുടെയും മകൻ പ്രതീഷ് (കണ്ണൻ -28) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുട്ടം മണലിൽ തറയിൽ വിപിൻ ലാൽ (30) പരിക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. വിദേശത്തായിരുന്ന കണ്ണൻ 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വീട്ടിൽനിന്ന് നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ നിയന്ത്രണംവിട്ട് വിജ്ഞാനവികാസിനി വായനശാലയുടെ മതിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കണ്ണന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരി: ഗംഗ.