ചേര്‍ത്തല: ദേശീയപാതയില്‍ മായിത്തറക്ക് സമീപം ലോറിയിടിച്ച് പിക്അപ് വാന്‍ ഡ്രൈവര്‍ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് ആനക്കര കണ്ഠംപുള്ളി കെ.പി. ബാബുവിന്റെ മകന് ബി. ഇന്ദ്രജിത്താണ് (22) മരിച്ചത്. വാനിൽ സഞ്ചരിച്ച കൊല്ലം ആലുകടവ് പുതുവീട്ടില്‍ എസ്. അച്ചു (26), മലപ്പുറം പന്താവൂര്‍ കരുവെട്ടി വീട്ടില്‍ സി. മിഥുന് (28), ലോറി ഡ്രൈവര്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടിനായിരുന്നു അപകടം. തെക്കുനിന്ന് വടക്കോട്ട് പോവുകയായിരുന്ന പിക്അപ് വാനില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്ദ്രജിത്ത് അപകടസ്ഥലത്ത് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിന്റെ വശത്ത് മറിഞ്ഞു. നാട്ടുകാരും മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.