അടിമാലി (ഇടുക്കി): കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ടോറസ് ലോറി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പരപ്പുറത്ത് ഷിജു പൗലോസ് (33), നേര്യമംഗലം തലക്കോട് താണിച്ചുവട്ടില്‍ ടി.ടി. സന്തോഷ് (35) എന്നിവരാണ് മരിച്ചത്. ഷിജു ലോറി ഡ്രൈവറും സന്തോഷ് സഹായിയുമാണ്.
തിങ്കളാഴ്ച രാത്രി 8.10ന് വാളറകുത്തിന് താഴ്ഭാഗത്ത് 300 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ചരക്കിറക്കിയശേഷം അടിമാലിയില്‍നിന്ന് തലക്കോട്ടേക്ക് പോകുംവഴി നിയന്ത്രണംവിടുകയായിരുന്നു. നിരവധി തവണ മറിഞ്ഞ ലോറി ദേവിയാര്‍ പുഴയുടെ കരയില്‍ മരത്തില്തങ്ങിയാണ് നിന്നത്. കുത്തനെയുള്ള ഭാഗമായതിനാല്‍ വടത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറിക്ക് സമീപമെത്തിയത്. ഗ്യാസ് വെല്‍ഡിങ് മെഷീന് ഉപയോഗിച്ച് കാബിന് മുറിച്ചുമാറ്റി ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ് കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായതിനാല്‍ ഏറെ സാഹസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. വാഹനത്തിന് സമീപംവരെ വെള്ളം പമ്പ് ചെയ്യാൻ അഗ്നിരക്ഷാസേന സൗകര്യം ഒരുക്കിയിരുന്നു.
പുലര്‍ച്ച 3.30നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പ്രദേശവാസികളും ഉറക്കമൊഴിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് ജീവനക്കാരും ഹൈവേ ജാഗ്രത സമിതിയും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായി. കീഴ്ക്കാംതൂക്കായ മലയുടെ മധ്യഭാഗത്തുകൂടിയാണ് ദേശീയപാത കടന്നുപോകുന്നത്.
ഷിജു അവിവാഹിതനാണ്. പിതാവ്: പൗലോസ്. മാതാവ്: ശോശാമ്മ. സഹോദരങ്ങള്‍ മിനി, എല്‍ദോസ്, മത്തായി. സന്തോഷിന്റെ ഭാര്യ: ധന്യ.