അമ്പലപ്പുഴ: യുവതിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മാന്തറയിൽ വീട്ടിൽ അജിതയാണ് (48) മരിച്ചത്. ആടിന് പുല്ലരിയാൻ സമീപത്തെ ആൾതാമസമില്ലാത്ത വീടിനടുത്തുള്ള പറമ്പിൽ ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെ അജിത പോയിരുന്നു. മടങ്ങിയെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് അന്വേഷിച്ചപ്പോൾ രാത്രി 8.30ഓടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടതു കാലിൽ തുണികൊണ്ട് കെട്ടിയിരുന്നു. കടിയേറ്റ നിലയിൽ കാലിൽ പാടും കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: ഷാജി. മക്കൾ: അഭിജിത്ത്, ശ്രീജിത്.