സുൽത്താൻ ബത്തേരി: ദേശീയപാതയിൽ കൊളഗപ്പാറക്ക് സമീപം നിർത്തിയിട്ട ടോറസ് ലോറിക്കുപിന്നിൽ കാറിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. അരീക്കോട് കമലാലയം വീട്ടിൽ റെജിയുടെയും ശ്രുതിയുടെയും മകൾ അനിഖയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചീരാൽ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജി.