ആതവനാട്: ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം മുട്ടി മരിച്ചു. ആതവനാട് പുന്നക്കത്തടം കോളനിയിലെ ചക്കരചമ്മാട്ടിൽ രാമൻ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഇദ്ദേഹം കിണറ്റിൽ ആട് വീണതറിഞ്ഞ് രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് തിരൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി കിണറ്റിൽ നിന്ന് പുറത്തെത്തിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. രാമൻ പി.കെ.എസ് ആതവനാട് പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. ഭാര്യ: കാളി. മക്കൾ: വിജയകുമാർ, വിജയലക്ഷ്മി. സംസ്കാരം ബുധനാഴ്ച പകൽ രണ്ടിന് മാറാക്കര പൂവൻചിന കുടുംബ ശ്മശാനത്തിൽ.