എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
പന്തളം: എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ വ്യാപാരി മരിച്ചു. എ.ആർ ക്യാമ്പിലെ അസി. കമാൻഡന്റ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മുട്ടാർ തേവാലപ്പടിയിൽ എസ്.എസ് കോഴിക്കട നടത്തുന്ന പന്തളം മങ്ങാരം തേവാലയിൽ പരേതനായ സുലൈമാൻ റാവുത്തരുടെ മകൻ അഷ്റഫ് ടി.എസ് (52) ആണ് മരിച്ചത്. എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കുസമീപം ബുധനാഴ്ച രാവിലെ 7.30ന് ആയിരുന്നു അപകടം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന തൃപ്പൂണിത്തുറ ഒന്നാം നമ്പർ എ.ആർ ക്യാമ്പിലെ അസി. കമാൻഡന്റ് വിനോദ് കുമാർ (58), പൊലീസ് വാഹനം ഓടിച്ചിരുന്ന കോഴിക്കോട് കുന്ദമംഗലം താഴേ മറവാട്ടിൽ അർജുൻ (29), പൊലീസ് റൈറ്റർ എറണാകുളം മുളവുകാട് പണ്ടാരപ്പറമ്പിൽ വിഷ്ണുപ്രസാദ് (32), കാറിന് പിന്നാലെ സ്കൂട്ടറിൽ വരുകയായിരുന്ന പരുമല ആശുപത്രിയിലെ നഴ്സ് പറന്തൽ പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസ് (39 ) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന അസി. കമാൻഡന്റ് സഞ്ചരിച്ച പൊലീസ് വാഹനം എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുതന്നെ അഷ്റഫ് മരിച്ചു. അപകടത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ അടൂർ താലൂക്ക് ആശുപത്രിയിലും കാറിന് പിന്നിലിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക ഡോളി തോമസിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് വാഹനം അമിതവേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രവാസി ജീവിതം അവസാനിപ്പിച്ച് അഷ്റഫ് രണ്ടുവർഷമായി മുട്ടാർ ജങ്ഷനിൽ കട നടത്തിവരുകയായിരുന്നു. കടയിലേക്ക് രാവിലെ വ്യാപാരത്തിന് ഇറച്ചിക്കോഴി വാങ്ങാൻ മുളക്കുഴ ഫാമിേലക്ക് പോയതാണ്. അഷ്റഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മങ്ങാരം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: മൈമൂന്. ഭാര്യ: റജീന. മക്കൾ: നൂറ, ഷമീറ. മരുമകൻ: അജ്മൽ.