കായംകുളം: കൃഷ്ണപുരം പാലസ് വാർഡിൽ വീടിന് തീപടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി വേങ്ങര തൊടിയൂർ സിന്ധു നിവാസിൽ രമേശ് കുമാറിന്റെ ഭാര്യ സിന്ധുവാണ് (48) മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂർണമായും കത്തിനശിച്ച് തിരിച്ചറിയാൻ കഴിയാത്ത നിലയിലായതിനാൽ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ആധികാരികത ഉറപ്പിക്കാൻ കഴിയുകയുള്ളു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണപുരം പാലസ് വാർഡിൽ കിഴക്കേവീട്ടിൽ സരളാമണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സരളയുടെ സഹോദര ഭാര്യയാണ് സിന്ധു. സരളാമണി തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോയ സമയത്താണ് ഇവർ വീട്ടിൽ കടന്നത്. തിരികെയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരിസരവാസികളെ വിളിച്ചുവരുത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ജീർണാവസ്ഥയിലായ വീടിന്റെ മധ്യഭാഗത്ത് സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറിൽനിന്നാണ് തീപടർന്നത്. തുടർന്ന് പൊലീസും സരളയുടെ ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സിന്ധുവിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ചേർത്തല ഭാഗത്തെ ഏതോ ആരാധനാലയത്തിലേക്ക് പോകുവാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ഇവർ കണ്ണനെല്ലൂരിലുള്ള ബന്ധുവീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് കൃഷ്ണപുരത്ത് എത്തുകയായിരുന്നുവത്രേ. പെട്രോളുമായി എത്തിയ ഇവർ ഇത് ദേഹത്ത് ഒഴിച്ച ശേഷം പാചക വാതകം തുറന്ന് വിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.